തൃശൂർ: ഏതെങ്കിലും രീതിയിലുളള പ്രതികാരബുദ്ധിയുണ്ടെങ്കിൽ ഒൗദ്യോഗിക ജീവിതത്തിൽനിന്ന് അതു പാടെ ഒഴിവാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ. രാമവർമപുരം കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 28 ബി ബാച്ച് സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഒൗട്ട്പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളുമായി ഇടപഴകുന്പോൾ പോലീസ് പ്രതിജ്ഞാവാചകങ്ങൾ ഓർക്കണം. പോലീസ് സേനയിൽ സ്വജനപക്ഷപാതവും പക്ഷപാതിത്വവും പൂർണമായും ഒഴിവാക്കാനുള്ള കരുതൽ കാണിക്കണം. നിയമങ്ങൾക്കും ചട്ടങ്ങൾക്കും ആരും അതീതരല്ലെന്ന പോലെ പോലീസും അതീതരല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പോലീസ് സേനയിലെ പ്രാധാന്യമുളള പോസ്റ്റാണു സബ് ഇൻസ്പെക്ടർ പോസ്റ്റ്. ഏതെങ്കിലും ഒരു പ്രദേശത്ത് നിയമവിരുദ്ധമായും നിയമവ്യതിയാനത്ത ടെയും കാര്യങ്ങൾ ചെയ്താൽ അതു കേരളത്തിലെ പോലീസ് സേനയുടെ അന്തസിനെ മൊത്തമായി ബാധിക്കും.
അതുകൊണ്ടുതന്നെ കൃത്യനിർവഹണത്തിൽ ജാഗ്രത പാലിക്കണം. പോലീസ് അക്കാദമിയിൽനിന്ന് അടിസ്ഥാന പരിശീലനം നേടിയെങ്കിലും അതിന്റെ പ്രായോഗികത പൂർത്തിയാകുന്നത് ഓരോ പോലീസ് സ്റ്റേഷനിലുമാണ്. അതിനാൽ തന്നെ നല്ല രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ വിജയം കൈവരിക്കാനാവൂ. ഒരു നിമിഷത്തെ പാളിച്ച വലിയ തോതിലുള്ള വ്യതിയാനമുണ്ടാക്കുമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
സി.എൻ. ജയദേവൻ എംപി, കെ. രാജൻ എംഎൽഎ, സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാർ, എഡിജിപി (ട്രെയിനിംഗ്) കെ. പത്മകുമാർ, തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്കുമാർ, സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണൻ തുടങ്ങിയവരും പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ കുടുംബാംഗങ്ങളും സന്നിഹിതരായി. പരിശീലനത്തിൽ വിവിധ ഇനങ്ങളിൽ മികവുപുലർത്തിയ സബ് ഇൻസ്പെക്ടർമാരായ അനൂപ്, വി. സുനിൽ, ശ്യാംരാജ് ജെ. നായർ എന്നിവർക്കു മുഖ്യമന്ത്രി പിണറായി വിജയൻ പാരിതോഷികങ്ങൾ നൽകി. പാസിംഗ് ഒൗട്ട് പരേഡിൽ ആറു പ്ലാറ്റൂണുകൾ അണിനിരന്നു.
എംഫിൽ, ബിരുദാനന്തര ബിരുദം, എംഎഡ്, ബിഎഡ്, എൽഎൽബി, എം.ടെക്, ബി.ടെക് ബിരുദധാരികളടക്കമുള്ള 186 സബ് ഇൻസ്പെക്ടർമാരാണു പരിശീലനം പൂർത്തിയാക്കിയത്. ആന്റി ടെററിസ്റ്റ് സ്ക്വാഡ്, ഹൈദരാബാദ് നാഷണൽ പോലീസ് അക്കാദമി, കൊച്ചി കോസ്റ്റ്ഗാർഡ് എന്നിവയുടെ സഹകരണത്തോടെ വിവിധ വിഭാഗങ്ങളിലായി നൂതനവും സാങ്കേതികവുമായ വിദഗ്ദ പരിശീലനവും ഇവർക്കു നല്കിയിരുന്നു.