തൃശൂർ: സ്ത്രീപീഡനക്കേസിലെ പ്രതികൾ എത്ര ഉന്നതരായാലും അവരെ അഴിക്കുള്ളിലടയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഉദാഹരണങ്ങളാണ് സമീപ കാലത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാമവർമപരും പോലീസ് അക്കാദമിയിൽ 357 വനിത പോലീസ് കോണ്‍സ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബ്ലേഡ് മാഫിയയിൽ നിന്നും സ്ത്രീകളെ രക്ഷിക്കുന്നതിനായി പഞ്ചായത്തുകളിൽ ചെന്ന് വനിത പോലീസുദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കും. ഇതിനുവേണ്ട നടപടികളെടുക്കും. സ്ത്രീ സുരക്ഷയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വനിത കമാൻഡോകൾ നിലവിൽ വന്നു. ഒന്‍പത് പോലീസ് സ്റ്റേഷനുകളിൽ വനിത പോലീസ് ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകി.
ഏഴു വനിത എസ്ഐമാരെയും രണ്ട് വനിത സർക്കിൾ ഇൻസ്പെക്ടർമാർക്കുമാണ് ചുമതല നൽകിയത്. എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. എട്ടു നഗരത്തിൽ നിലവിലുള്ള പിങ്ക് പട്രോൾ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. സംസ്ഥാന, ജില്ല വനിത സെല്ലുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെസ്റ്റ് ബെസ്റ്റ് ഓൾ റൗണ്ടർ ആയി തെരഞ്ഞെടുക്കപ്പെട്ട കൊല്ലം സ്വദേശിനി എം.സരിത, ബെസ്റ്റ് ഇൻഡോർ എം.ആർ.ലിജി എന്നിവരെ അനുമോദിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റ, മേയർ അജിത ജയരാജൻ, ഐജി എം.ആർ.അജിത്കുമാർ, പോലീസ് അക്കാദമി ഡയറക്ടർ കെ.പത്മകുമാർ, സിറ്റി പോലീസ് കമ്മീഷണർ രാഹുൽ ആർ.നായർ തുടങ്ങിയവർ പങ്കെടുത്തു.