തലശേരി: മുഖ്യമന്ത്രിയുടെ വീടിന് വിളിപ്പാടകലെ സുസജ്ജമായ പോലിസ് സ്റ്റേഷൻ ഒരുങ്ങി. 30ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പിണറായി പഞ്ചായത്ത് നാലാം വാർഡിലെ 159ാം നമ്പർ വാടക വീട്ടിലാണ് സ്റ്റേഷന്റെ പ്രവർത്തനം. നിലവിൽ ധർമടം പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് പിണറായി പ്രദേശം.
പിണറായി വില്ലേജും കതിരൂർ പോലീസ് പരിധിയിലെ എരുവട്ടി, കൂത്തുപറമ്പ് പോലീസ് പരിധിയിലെ പാതിരിയാട് വില്ലേജുകളുമാണ് പുതിയ പോലിസ് സ്റ്റേഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂത്തുപറമ്പ് സർക്കിൾ ഇൻസ്പക്ടറുടെ കീഴിലാണ് പിണറായി സ്റ്റേഷന്റെ പ്രവർത്തനം.
ഒരു പ്രിൻസിപ്പൽ എസ്ഐ, രണ്ട് അഡീഷണൽ എസ്ഐമാർ, ആറ് സീനി യർ സിവിൽ പോലിസ് ഓഫിസർമാർ, 18 സിവിൽ പോലീസ് ഓഫിസർമാർ, രണ്ട് വനിതാ സിവിൽ പോലിസ് ഓഫീസർമാർ, ഒരു ഡ്രൈവർ, സ്വീപ്പർ എന്നിവരുടെ തസ്തിക അനുവദിച്ചിട്ടുണ്ട്.
എ.വി.ദിനേശനാണ് പ്രഥമ പ്രിൻസിപ്പൽ എസ്ഐ. ഇദ്ദേഹത്തിന് നിയമന ഉത്തരവ് നൽകിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വാഗ്ദാനമായിരുന്നു പിണറായി പോലീസ് സ്റ്റേഷൻ. ഉദ്ഘാടനത്തിന് മുന്നോടിയായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള നെയിംബോർഡ് സ്ഥാപിച്ചു കഴിഞ്ഞു.