തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം സർക്കാരിനെതിരായ ജനവിധിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് ജനങ്ങളുടെ ഇടയിൽ നല്ല അംഗീകാരമാണ് ഉള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ ഫലമാണ് ഉണ്ടായത്. ഇത്തരം ഫലം ഉണ്ടാകുമെന്ന് കരുതിയില്ല. ഇത് സ്ഥായിയായതെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. അങ്ങനെയെങ്കിൽ അത് ബിജെപിക്ക് ഗുണം ചെയ്തേനെ. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി മൂന്നാം സ്ഥാനത്ത് പോയെന്നും വിശ്വാസത്തിന്റെ കാര്യത്തിൽ വലിയ തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മനസിലാക്കാൻ സാധിക്കാത്ത ചില ഘടകങ്ങൾ ഉണ്ടായി. അതാണ് പരാജയത്തിന് കാരണമായത്. രാജ്യത്തിന്റെ ഭാവിയിൽ ഉത്കണ്ഠയുള്ളവരാണ് എല്ലാവരും. ബിജെപി ഭരണത്തിൽ വീണ്ടും വരരുതെന്ന് കരുതുന്ന നല്ലൊരു വിഭാഗം കേരളത്തിലുണ്ട്. അതിൽ നല്ലൊരു ഭാഗം തങ്ങൾക്കൊപ്പം ഉള്ളവരാണ്.
അവർ ചിന്തിച്ചു കോൺഗ്രസിനാണ് കേന്ദ്രത്തിൽ ഭരണത്തിന് നേതൃത്വം നൽകാൻ സാധിക്കുന്നതെന്ന്. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വോട്ട് ചെയ്യണമെന്ന് ആവർ ചിന്തിച്ചു. അതിനാൽ നല്ലൊരു ശതമാനം വോട്ട് തങ്ങളിൽനിന്നു വിട്ടുപോയെന്നും തോൽവിയുടെ മറ്റു ഘടകങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വം യുഡിഎഫിന് കരുത്തായി. ആർക്കെതിരെയാണ് രാഹുൽ മത്സരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് പത്രിക സമർപ്പിച്ചപ്പോൾ എൽഡിഎഫ് ചോദിച്ചിരുന്നു. ഇപ്പോൾ എല്ലാവർക്കും മനസിലായി. ജയം തേടിയാണ് രാഹുലെത്തിയതെന്നും അദ്ദേഹം പരിഹസിച്ചു.
തന്റെ ശൈലിയിൽ മാറ്റം വരുത്തില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.