പത്തനംതിട്ട: ശബരിമല തീർഥാടനകാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ 17നു ശബരിമല സന്നിധാനത്ത് ഉന്നതതലയോഗം ചേരും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ. രാജു, മാത്യു ടി.തോമസ്, കെ.കെ. ശൈലജ, കെ.ടി. ജലീൽ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
16നു രാത്രി ശബരിമലയിലെത്തുന്ന മുഖ്യമന്ത്രി ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. 17നു രാവിലെ ഒന്പതിനാണ് അവലോകനയോഗം. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു പുതിയ പദ്ധതികൾക്കു ശബരിമലയിൽ തുടക്കം കുറിക്കും.
രണ്ടു കോടി രൂപ ചെലവിൽ പന്പയുടെ സൗന്ദര്യവത്കരണം, പുണ്യദർശനം കോംപ്ലക്സിന്റെ നിർമാണോദ്ഘാടനം എന്നിവ മുഖ്യമന്ത്രി നിർവഹിക്കും. ടൂറിസം വകുപ്പാണ് പുണ്യദർശനം കോംപ്ലക്സിന്റെ നിർമാണം നടത്തുന്നത്. 4.99 കോടി രൂപയുടെ പദ്ധതിയാണിത്. 24 മുറികളാണ് കോംപ്ലക്സിലുണ്ടാകുക.