തിരുവനന്തപുരം: കൊച്ചി മറൈൻഡ്രൈവിൽ ശിവസേന പ്രവർത്തകർ നടത്തിയ സദാചാര ഗുണ്ടായിസത്തിൽ പോലീസിനു വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സദാചാര ഗുണ്ടകൾക്കെതിരേ കർശന നടപടിയെടുക്കും. പ്രതികൾക്കെതിരേ നടപടിയെടുക്കാൻ പോലീസ് വൈകരുതെന്നും നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സദാചാര ഗുണ്ടായിസം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് ഹൈബി ഈഡനാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. കൊച്ചിയിൽ ഗുണ്ടായിസം കാണിച്ച ശിവസേനക്കാർക്ക് പോലീസ് ഒത്താശ ചെയ്തെന്നും പ്രതിപക്ഷം ആരോപിച്ചു.