കൊച്ചി : ശാസ്ത്രം പുരോഗമിക്കുന്പോഴും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എൻവി സദൻ ട്രസ്റ്റ് സംഘടിപ്പിച്ച സഹോദരൻ അയ്യപ്പന്റെ സയൻസ് ദശകം കവിതയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രം പുരോഗമിക്കുന്ന ഈ കാലഘട്ടത്തിലും മനസു കൊണ്ട് നാം എത്രമാത്രം പുരോഗമിക്കുന്നുണ്ടെന്നു ചിന്തിക്കണം.
അനാചാരങ്ങൾ മനുഷ്യ മനസിനെ കീഴ്പ്പെടുത്തുകയാണ്. ശാസ്ത്ര പുരോഗതിയായ പ്ലാസ്റ്റിക് സർജറിയെ കുറിച്ച് കേൾക്കുന്പോൾ ഗണപതിയെ ചൂണ്ടിക്കാണിക്കുന്ന ഭരണാധികാരികളാണ് കേന്ദ്രത്തിൽ ഉള്ളത്. ഭരണാധികാരികളിൽ നിന്നു പോലും ശാസ്ത്രവിരുദ്ധമായ സംഭാഷണങ്ങൾ കേൾക്കേണ്ടി വരുന്ന ഇക്കാലത്ത് നൂറു വർഷം മുന്പ് സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ് ദശകത്തിന്റെ പ്രസക്തി വലുതാണ്. ശ്രീനാരായണ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു പറഞ്ഞപ്പോൾ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട എന്നു പറയാനുള്ള ആർജവം കാണിച്ച വ്യക്തിയായിരുന്നു സഹോദരൻ അയ്യപ്പൻ.
ശാസ്ത്രമല്ലാത്തതൊക്കെ ഇരുട്ടാണെന്ന് പറയാനും, ശാസ്ത്രത്തെ പ്രകീർത്തിക്കാനും നൂറു വർഷം മുന്പ് സഹോദരൻ അയ്യപ്പന് കഴിഞ്ഞത് മലയാളികൾക്കാകെ അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 100 വർഷം മുന്പ് കേരളം കൈവരിച്ചു തുടങ്ങിയ നവോത്ഥാനപരമായ നേട്ടങ്ങളുടെ കാര്യത്തിൽ നാം എത്രമാത്രം മുന്നോട്ടുപോയി എന്ന വിലയിരുത്തലിന് സമയമായിരിക്കുന്നു. പലതിലും നാം പിന്നോട്ടു പോയി. ശ്രീനാരായണഗുരുവിന്റെ ജാതിയില്ലാ വിളംബരം നൂറാം വർഷം ആകർഷിക്കുന്ന ഘട്ടത്തിലാണ് ചിലർ ജാതി ചോദിച്ചാലെന്താ എന്ന് ഉച്ചത്തിൽ പറയുന്നത്.
സ്വന്തം സമുദായത്തിന്റെ വിദ്യാലയങ്ങളിലേ കുട്ടികളെ പഠിപ്പിക്കാവൂ എന്ന് മറ്റ് ചിലർ. സഹോദരൻ അയ്യപ്പൻ സംഘടിപ്പിച്ച മിശ്രഭോജനം നൂറു വർഷമാകുന്പോഴാണ് സ്വസമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിച്ചതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നത്. നവതി പ്രണാമമായി പ്രഫ. എം.കെ. സാനുവിനെയും സഹോദരൻ അയ്യപ്പന്റെ മകളും സദനം ട്രസ്റ്റിലെ മുതിർന്ന അംഗവുമായ ഐഷ ഗോപാലകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ. വി.പി.എൻ. നന്പൂതിരി അധ്യക്ഷനായിരുന്നു. പ്രഫ. എം.കെ. സാനു, ഐഷ ഗോപാലകൃഷ്ണൻ, ഫാ. പോൾ തേലക്കാട്ട്, ഡോ. സി.കെ. രാമചന്ദ്രൻ, രത്നമ്മ സാനു, ജിജി രമേശ്, എം.ആർ. ഗീത, പി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.