പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ പാർട്ടി അന്വേഷണം നടക്കുന്നതിനിടെ ആരോപണ വിധേയനായ പി.കെ ശശി എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം വേദി പങ്കിട്ടത് സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി. ഇക്കാര്യത്തിൽ പാർട്ടിയിൽ അമർഷം പുകയുകയാണ്.
പി.കെ.എസ് സംസ്ഥാന സമ്മേളന വേദിയിലാണ് ഇരുവരും വേദി പങ്കിട്ടത്. മന്ത്രി എ.കെ ബാലനും ജില്ലയിൽ നിന്നുള്ള രണ്ടു എംപിമാരും എംഎൽഎമാരും പരിപാടിയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം തച്ചന്പാറയിൽ നടന്ന പരിപാടിയിൽ പരാതി അന്വേഷണ കമ്മീഷൻ അംഗം കൂടിയായ മന്ത്രി എ.കെ ബാലൻ ശശിയോടൊപ്പം പരിപാടിയിൽ പങ്കെടുത്തതിനെ പാർട്ടിയിൽ ഒരു വിഭാഗം വിമർശിച്ചിരുന്നു.
തൊട്ടടുത്ത ദിവസം തന്നെയാണ് പിണറായിക്കൊപ്പവും ശശി എത്തിയത്. ഇത് പരിപാടിയുടെ സംഘാടകരേയും പാർട്ടി ജില്ലാ കമ്മിറ്റിയേയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഇന്ന് ഇക്കാര്യത്തിൽ മറുപടി നല്കുമെന്നാണ് സൂചന. മുഖ്യമന്ത്രി വേദിയിലുണ്ടായിരുന്ന ശശിയോട് സംസാരിക്കുകയോ അഭിവാദ്യം ചെയ്യുകയോ ചെയ്തില്ലെന്നതും ശ്രദ്ധേയമായി. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം കൂറ്റനാട്ട് നടന്നുവരികയാണ്.
പരാതിക്കാരിയായ നേതാവുൾപ്പെടെ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ ശശി വിഷയം ചർച്ചയാക്കേണ്ടതില്ലെന്ന് നേതൃത്വം നിലപാടെടുത്തിരുന്നു. ഇത് ചില അംഗങ്ങൾ ചോദ്യം ചെയ്യുകയും ചെയ്തു. ഡിവൈഎഫ്ഐ നേതൃത്വത്തിന്റെ നിലപാടും സിപിഎമ്മിന്റെ പ്രവൃത്തികളും കൂട്ടി വായിക്കുന്പോൾ പരാതിക്കാരിക്ക് നീതി ലഭിക്കുകയില്ലെന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു.