നവാസ് മേത്തര്‍
തലശേരി: പിണറായിയില്‍ മാതാപിതാക്കളും ചെറുമക്കളും ഉൾപ്പെടെ ഒരു കുടുബത്തിലെ നാലുപേര്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മകൾ കസ്റ്റഡിയില്‍. പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ കിഷോർ (8), കീര്‍ത്തന (ഒന്നര വയസ്) എന്നിവര്‍ മരിച്ച സംഭവത്തിലാണ് മരിച്ച കുഞ്ഞിക്കണ്ണന്- കമല ദമ്പതികളുടെ മകളും ഐശ്വര്യ, കീര്‍ത്തന എന്നീ കുട്ടികളുടെ മാതാവുമായ വണ്ണത്താന്‍ വീട്ടില്‍ അവശേഷിക്കുന്ന ഏക അംഗവുമായ സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ഇന്ന് രാവിലെ പത്തോടെയാണ് ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തലശേരി സഹകരണ ആശുപത്രിയില്‍ നിന്നും സൗമ്യയെ കസ്റ്റഡിയിലെടുത്തത്.
മഫ്തിയിലെത്തിയ പോലീസ് സംഘം കസ്റ്റഡിയിലെടുത്ത സൗമ്യയെ ചോദ്യം ചെയ്യുന്നതിനായി സ്വകാര്യ വാഹനത്തിൽ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ചോദ്യം ചെയ്യലില്‍ സൗമ്യ മനസു തുറക്കുന്നതോടെ നാല് മരണങ്ങളുടേയും ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. നാല് മരണങ്ങളില്‍ മൂന്ന് മരണവും എലി വിഷം അകത്ത് ചെന്നാണെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു.
മൂന്ന് മൃതദേഹങ്ങളുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ ബലത്തിലും ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലും കൊലപാതകങ്ങളില്‍ മുഖ്യപങ്ക് വഹിച്ചത് വീട്ടിനുള്ളില്‍ തന്നെയുള്ളയാളെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ തയാറായിട്ടില്ല.
കഴിഞ്ഞ 17 ന് വൈകുന്നേരം ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗമ്യ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സുഖം പ്രാപിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ.കെ.എസ്. മോഹനന്റെ നേതൃത്വത്തിലുളള്ള നാലംഗ സംഘവും തലശേരി ജനറല്‍ ആശുപത്രിയില്‍ നിന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.കെ രാജീവന്റെ നേതൃത്വത്തിലുള്ള സംഘവും തലശേരി സഹകരണ ആശുപത്രിയലെ ഡോ.രാജീവ് നമ്പ്യാര്‍, ഡോ. അരവിന്ദ് നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് സൗമ്യയെ പരിശോധിച്ചിരുന്നത്.
പൂർണ ആരോഗ്യവതിയായിട്ടും ആശുപത്രിയില്‍ തന്നെ കിടത്തിയിരുന്ന സൗമ്യയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസില്‍ മൂന്ന് മാസം മുമ്പ് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു പിന്നാലെയാണ് അനിശ്ചിതത്വത്തിന് വിരാമമിട്ടു കൊണ്ട് സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ സൗമ്യയുടെ പങ്ക് നിർണായകമാണെന്ന സൂചനകളാണ് പുറത്തു വന്നിട്ടുള്ളത്.
കേസുമായി ബന്ധപ്പെട്ട് സൗമ്യയുടെ ഭര്‍ത്താവും ബന്ധുക്കളുമുള്‍പ്പെടെ 30 ലേറെ പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെയെല്ലാം മൊഴികളില്‍ നിന്ന് വിലപ്പെട്ട വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. കൊലപാതകത്തിലേക്ക് നയിച്ചതിനു പിന്നില്‍ അവിഹിത ബന്ധങ്ങളുണ്ടെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തില്‍ സംശയിക്കുന്ന മൂന്ന് പേരേയാണ് പോലീസ് വിവിധ ഘട്ടങ്ങളിലായി വിളിച്ചു വരുത്തി ചോദ്യം ചെയ്തിട്ടുള്ളത്.
മരണങ്ങള്‍ക്കു പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.സൗമ്യയുടെ മകള്‍ എട്ടു വയസുകാരി ഐശ്വര്യ കിഷോറിന്റെ മൃതദേഹമാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അനുമതിയോടെ ഇന്നലെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. വീട്ടുപറമ്പില്‍ സംസ്കരിച്ചിരുന്ന മൃതദേഹം പുറത്തെടുത്ത് അവിടെ വെച്ചു തന്നെയാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു.
പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്ജന് ഡോ.ഗോപാലകൃഷ്ണപ്പിള്ള, സയന്റിഫിക് അസിസ്റ്റന്റ് സുധി രേഖ, വിരലടയാള വിദഗ്ദ സിന്ധു മധു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം കൊടുത്തത്. ഇന്നലെ വൈകുന്നേരം 3.50 ന് ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ 5.15 നാണ് അവസാനിച്ചത്. മൃതദേഹത്തില്‍ നിന്നും ആന്തരികാവയവങ്ങള്‍ ശേഖരിച്ച ശേഷം മൃതദേഹം അതേ സ്ഥലത്ത് തന്നെ സംസ്കരിച്ചു.
ശേഖരിച്ച ആന്തരികാവയവങ്ങള്‍ പരിശോധനക്കായി പരിശോധനക്കായി ഇന്ന് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. എഎസ്പി ചൈത്ര തേരെസ ജോണ്‍, സിഐ കെ.ഇ. പ്രേമചന്ദ്രന്, ധര്‍മടം എസ്ഐ അരുണ്‍കുമാര്‍, തഹസില്‍ദാര്‍ രഞ്ജിത്ത് എന്നിവരും സംഭവ സ്ഥലത്തുണ്ടായിരുന്നു.
നൂറു കണക്കിന് നാട്ടുകാരാണ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയത്. വണ്ണത്താന്‍ കുടുംബത്തിലെ നാല് പേരും നാല് ആശുപത്രികളില്‍ വെച്ചാണ് മരണമടഞ്ഞതെന്ന റിപ്പോര്‍ട്ടും ഇതിനിടയില്‍ പുറത്തു പുറത്തു വന്നിരുന്നു.