തിരുവനന്തപുരം: കേരളത്തിൽ സമഗ്ര കായികനയം ഉടൻ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംസ്ഥാന സ്പോർട്സ് കൗണ്‍സിലും മുക്കാടൻ ഗ്രൂപ്പും സംയുക്തമായി റിയോ പാരാലിമ്പിക്സ് മെഡൽ ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗ്രാമീണതലത്തിൽ കണ്ടെത്തുന്ന മികച്ച കായികതാരങ്ങൾക്കു നല്ലരീതിയിൽ പരിശീലനം നൽകും. ഏതെങ്കിലും കായിക വിഷയത്തിൽ പ്രത്യേക മികവ് പുലർത്തുന്ന ഗ്രാമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കും. ലോകാരോഗ്യ സംഘടനയുടെ എല്ലാവർക്കും ആരോഗ്യം എന്ന മുദ്രാവാക്യം പോലെ എല്ലാവർക്കും വ്യായാമം നമ്മുടെ ലക്ഷ്യം എന്ന പദ്ധതി കേരളത്തിൽ നടപ്പാക്കും.
സ്പോർട്സ് കൗണ്‍സിൽ പ്രവർത്തനം താഴേതട്ടിലേക്കുകൂടി പ്രവർത്തനം ആരംഭിക്കുന്നകാര്യം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റിയോ പാരാലിമ്പിക്സ് മെഡൽ ജേതാക്കളായ ദേവേന്ദ്ര ജഹാരിയ, ടി. മാരിയപ്പൻ, വരുണ്‍ സിംഗ് ഭട്ട്്, ദീപ മാലിക് എന്നിവരെ മുഖ്യമന്ത്രി ചടങ്ങിൽ ആദരിച്ചു.