പത്തനാപുരം: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ എതിർത്തതിന് അക്രമത്തിനിരയായ വീട്ടമ്മയ്ക്ക് ഇനി ആശ്വസിക്കാം. കറവൂർ 16 ഫില്ലിംഗിലെ താമസക്കാരിയായ സുമ സുബ്രഹ്മണ്യ(52)ന് മുന്നിൽ നീതിയുടെ വാതിലുകൾ തുറക്കപ്പെടുകയാണ്.
പതിനഞ്ച് വർഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലെത്തിയ സുമ കറവൂരിൽ താമസത്തിനായി സ്ഥലവും വീടും വാങ്ങി. ഇതിനിടെ പ്രദേശത്തെ കഞ്ചാവ് മാഫിയകൾക്കെതിരെ ശബ്ദമുയർത്താൻ തുടങ്ങി. ഇതോടെ സുമയ്ക്കെതിരെ മാഫിയ സംഘങ്ങൾ ആക്രമണങ്ങൾ ആരംഭിച്ചു.
വനിതാ പോലീസുകാരില്ലാതെ രാത്രിയിൽ അഞ്ച് തവണ തെറ്റായ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നവത്രെ. സെപ്റ്റംബർ ഒന്നിന് രാവിലെ വീടിന് സമീപം ഇവർക്കെതിരെ കഞ്ചാവ് മാഫിയയുടെ ആസിഡ് പ്രയോഗം നടന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പത്തനാപുരം പോലീസ് ഇവരോട് മൊഴി മാറ്റി പറയണമെന്ന് നിർബന്ധിച്ചു. ഇത് പോലീസുകാരുടെ വൈരാഗ്യത്തിനിടെയാക്കി.
ആസിഡ് വീണതോടെ ശരീരത്തിൽ അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റു. തുടർന്ന് ഇവരെ കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഇവർ നേരിട്ട് പരാതി നൽകി.ഇതോടെയാണ് സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തുന്നത്. കഴിഞ്ഞ ദിവസം പോലീസുകാർക്കെതിരെ നടപടിയുണ്ടായതോടെ തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ വീട്ടമ്മ.