തിരുവനന്തപുരം: കൈയേറ്റ ആരോപണങ്ങൾ നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയേയും നിലന്പൂർ എംഎൽഎ പി.വി. അൻവറിനേയും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അൻവറിന്റെ പാർക്കിന് അനുമതിയില്ലെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും റിസോർട്ടിനായി മന്ത്രി കായൽ കൈയേറിയിട്ടില്ലെന്നും അടിയന്തരപ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ടി. ബൽറാം എംഎൽഎയാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. പി.വി. അൻവർ എംഎൽഎയ്ക്കെതിരായ ആരോപണങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. പാർക്കിനായി അൻവർ എംഎൽഎ നടത്തിയ നിയമലംഘനങ്ങളും ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു.
എന്നാൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് ചട്ടവിരുദ്ധമാണെന്നു സ്പീക്കർ നിലപാടെടുത്തു. ഒന്നിലധികം വിഷയം ഒന്നിച്ച് ഉന്നയിക്കാൻ പാടില്ലെന്നാണ് ചട്ടമെന്നും സ്പീക്കർ സഭയെ അറിയിച്ചു. ഇതേതുടർന്നു കൈയേറ്റ വിഷയമാണ് സഭയിൽ ഉന്നയിച്ചതെന്നു പ്രതിപക്ഷം വാദിച്ചു.
അതേസമയം അഭ്യൂഹങ്ങളും ആരോപണങ്ങളും സഭയിൽ ഉന്നയിക്കരുതെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ചട്ടമനുസരിച്ച് നോട്ടീസ് നൽകണമെന്നും പ്രതിപക്ഷത്തോട് മന്ത്രി എ.കെ. ബാലൻ ആവശ്യപ്പെട്ടു.