തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ കോടതി ഉത്തരവിനോടു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തിൽ വിജിലൻസിനോട് ത്വരിത പരിശോധന നടത്താൻ കോടതി ഉത്തരവിട്ടതിനെകുറിച്ച് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞപ്പോൾ മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ ഉയർന്ന് ആഴ്ചകൾ പിന്നിട്ടിട്ടും മുഖ്യമന്ത്രി വിശദീകരണങ്ങൾ നൽകാൻ തയാറായിട്ടില്ല.
നേരത്തെ, തോമസ് ചാണ്ടിക്കെതിരേ ത്വരിത പരിശോധന നടത്താൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ജനതാദൾ-എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി സുഭാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. മാർത്താണ്ഡം കായൽ മണ്ണിട്ട് നികത്തി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിലേക്ക് റോഡ് നിർമിച്ചുവെന്നാണ് ആരോപണം.
വിഷയത്തിൽ അന്വേഷണം നടത്താൻ ആദ്യമായാണ് ഒരു കോടതി ഉത്തരവിടുന്നത്. മന്ത്രി അനധികൃതമായി സർക്കാർ പണം ഉപയോഗിച്ച് റോഡ് നിർമിച്ചുവെന്നും ഇതുമൂലം 65 ലക്ഷം രൂപയുടെ നഷ്ടം സർക്കാർ ഖജനാവിന് സംഭവിച്ചുവെന്നുമാണ് പരാതി.
എന്നാൽ മന്ത്രി കായൽ നികത്തി റോഡ് നിർമിച്ചിട്ടില്ലെന്നും ചെറിയ ബണ്ട് മാത്രമാണ് പരാതിക്കാരൻ പറയുന്ന സ്ഥലത്തുണ്ടായിരുന്നത് എന്നുമായിരുന്നു സർക്കാർ വാദം. ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നിലനിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ഉൾപ്പടെ ആറോളം പേർ നൽകിയ പരാതി പരിശോധിച്ചുവരികയാണെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. ഈ വാദങ്ങളൊന്നും അംഗീകരിക്കാതെ ത്വരിത പരിശോധനയ്ക്ക് കോടതി ഉത്തരവിടുകയായിരുന്നു.