തിരുവനന്തപുരം: തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. വീടുകൾ നിർമിക്കാനായി തോട്ടം ഉടമകൾ അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ തയാറാവണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കും. ഈ മേഖല പ്രതിസന്ധിയിലായിട്ട് ഏറെ വർഷമായി. തോട്ടം തോട്ടമായും എസ്റ്റേറ്റുകൾ എസ്റ്റേറ്റുകളായും നിലനിർത്താനാകണം. കേരളത്തിന്റെ ഭൂപ്രകൃതിക്കും സന്പദ് വ്യവസ്ഥയ്ക്കും അത് ആവശ്യമാണ്. പൂട്ടിക്കിടക്കുന്ന ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കും. തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്ന നടപടി ഉണ്ടാകരുതെന്ന നിർദേശവും നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട സെക്രട്ടറിമാരുടെ സമിതി രൂപീകരിക്കുമെന്നും പ്രശ്നപരിഹാരത്തിന് പ്ലാന്റേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.