സ്വന്തം ലേഖകൻ
തൃശൂർ: നാളെ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് പതിവിൽ കൂടുതൽ സുരക്ഷ ഒരുക്കാൻ പോലീസ് തീരുമാനം. ശബരിമല വിഷയത്തിലും മറ്റും നാടെങ്ങളും പ്രതിഷേധം ആളിക്കത്തുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നത്.
ശബരിമല വിഷയത്തിൽ സമരം ശക്തമാക്കാൻ ശബരിമല കർമസമിതി തീരുമാനിച്ചതും ശബരിമല സ്ത്രീ പ്രവേശനത്തെ എതിർത്തു നടത്തിയ പ്രതിഷേധപരിപാടികളിൽ ഉൾപ്പെട്ടവരെ തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുപ്പിക്കില്ലെന്ന ആശങ്ക നിലനിൽക്കുന്നതും മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കാൻ കാരണമായിട്ടുണ്ട്.
കൂടുതൽ പോലീസിനെ മുഖ്യമന്ത്രിയുടെ പരിപാടികൾ നടക്കുന്ന വേദിയിലും സമീപത്തുമെല്ലാം വിന്യസിക്കും. പതിവുപോലെ ഡോഗ്-ബോംബ് സ്ക്വാഡുകളും മഫ്ടിയിൽ കൂടുതൽ പോലീസുകാരും ഉണ്ടാകും. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിൽ ആ സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കും.
മാള കുഴൂരിൽ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ വികസന ഉപകേന്ദ്രത്തിന്റെ ഒന്നാംഘട്ട പ്രവർത്തനോദ്ഘാടനമാണ് നാളെ രാവിലെ 10ന് മുഖ്യമന്ത്രിക്ക് ജില്ലയിലെ ആദ്യത്തെ പരിപാടി.
11.30ന് അമല ആശുപത്രിയിലെ പരിപാടിക്കു ശേഷം വൈകീട്ട് മൂന്നു മുതൽ തൃശൂർ നഗരത്തിലാണ് പരിപാടികൾ. വൈകീട്ട് അഞ്ചിന് സിപിഎം ഒല്ലൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനമാണ് അവസാന പരിപാടി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ വേദികളും സ്ഥലങ്ങളുമെല്ലാം പോലീസ് പരിശോധന നടത്തിക്കഴിഞ്ഞു.