തിരുവനന്തപുരം: സാധാരണക്കാരുടെ ഹൃദയത്തിലേക്ക് അവരുടെ ഹൃദയത്തിന്റെ ഈണത്തിൽ സംഗീതത്തെ എത്തിച്ച സംഗീത പ്രതിഭയായിരുന്നു ജി. ദേവരാജനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജി.ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ജി. ദേവരാജൻ നവതി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താൻ കാത്തുസൂക്ഷിച്ച മൂല്യങ്ങളോട് എന്നും പുലർത്തിയിരുന്ന സത്യസന്ധതയും ജീവശ്വാസമായി കരുതിയിരുന്ന സംഗീതത്തോടുള്ള അർപ്പണമനോഭാവവുമാണ് ആസ്വാദകരുടെ മനസുകളിൽ അദ്ദേഹത്തെ കുടിയിരുത്തിയത്.
കമ്യൂണിസ്റ്റുകാരനായാൽ സർഗാത്മകമായ ഹൃദയച്ചുരുക്കമുണ്ടാകുമെന്ന വാദങ്ങൾക്കുള്ള സർഗാത്മകമായ ഉത്തരമായിരുന്നു ദേവരാജൻ മാസ്റ്റർ. മലയാളമുള്ള കാലത്തോളം അദ്ദേഹത്തിന്റെ പാട്ടുകൾ ജനഹൃദയങ്ങളിൽ ജീവിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ ജി. ദേവരാജൻ മാസ്റ്റർ നവതി പുരസ്കാരം ശ്രീകുമാരൻ തന്പിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. ചടങ്ങിൽ മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഗായകൻ പി. ജയചന്ദ്രൻ, കവികളായ പൂവച്ചൽ ഖാദർ, പ്രഭാവർമ, ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, മുൻ മേയർ കെ.ചന്ദ്രിക, ട്രസ്റ്റ് ജനറൽ സെക്രട്ടറി സതീഷ് രാമചന്ദ്രൻ, ഇ. ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് പി. ജയചന്ദ്രൻ നയിച്ച ദേവരാജഗാനാഞ്ജലിയും നടന്നു. ഭാരത് ഭവൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, ടൂറിസം, സാംസ്കാരിക വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ട്രസ്റ്റ് നവതി ആഘോഷം സംഘടിപ്പിച്ചത്.