മുഖ്യമന്ത്രിയുടെ മൗനത്തിനു കാരണം? പിണറായിയുടെ നിയമോപദേഷ്ടാവിന് ഒരേസമയം രണ്ടു ഡിഗ്രി, ജയകുമാര്‍ ലക്ഷ്മി നായരുടെ ബന്ധുവും!

lawതിരുവനന്തപുരം ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ലക്ഷ്മി നായരുടെ ദുര്‍ഭരണത്തിനെതിരേ തുടങ്ങിയ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായ എന്‍. കെ. ജയകുമാറും കുടുങ്ങിയേക്കും. ജയകുമാര്‍ ഒരേസമയം രണ്ട് കോഴ്‌സ് പഠിച്ചതായി കണ്ടെത്തി. അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍ നായരുടെ സഹോദരിയുടെ മകനാണ് ജയകുമാര്‍. ലക്ഷ്മി നായര്‍ ഒരേസമയം രണ്ട് സര്‍വകലാശാലകളില്‍ പഠിച്ചുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ കേരള സര്‍വകലാശാലയുടെ പരീക്ഷാവിഭാഗം ശേഖരിച്ചുതുടങ്ങി.

ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാരിന്റെ മൗനത്തിനു പിന്നില്‍ ഈ ബന്ധമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. 1970ലാണ് ജയകുമാര്‍ എം.എയ്ക്ക് ചേര്‍ന്നത്. ഇതേവര്‍ഷം തന്നെ ലോ അക്കാദമിയില്‍ എല്‍എല്‍ബി സായാഹ്ന കോഴ്‌സിനും ചേര്‍ന്നു. പരാതി വരുന്നത് 83ലാണ്. സിന്‍ഡിക്കേറ്റംഗം സി.സെഡ്. സ്കറിയയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

നാരായണന്‍ നായരുടെ സ്വാധീനത്തിലായിരുന്നു ഈ ക്രമക്കേടുകളെന്ന് സര്‍വകലാശാലയിലെ മുന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനു ശേഷമാണ് ലക്ഷ്മി നായര്‍ ഒരേ സമയം രണ്ടു കോഴ്‌സുകള്‍ക്ക് ചേര്‍ന്നത്. 86ല്‍ പഞ്ചവത്സര എല്‍എല്‍ബിയുടെ മൂന്നാം വര്‍ഷം ലാറ്ററല്‍ എന്‍ട്രിയായാണ് ലക്ഷ്മി നായര്‍ ലോ അക്കാദമിയില്‍ ചേര്‍ന്നത്. ഒരേ സമയം രണ്ടിടത്ത് പഠിച്ച സ്ഥിതിക്ക് ലോ അക്കാദമിയില്‍ ടിസി സമര്‍പ്പിച്ചിട്ടുണ്ടാകില്ല. ഇക്കാര്യത്തെക്കുറിച്ച് മാനേജ്‌മെന്റിനോടും സര്‍വകലാശാല വിശദീകരണം ചോദിച്ചേക്കും. ആരോപണം തെളിഞ്ഞാല്‍ അവരുടെ നിയമ ബിരുദത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെടും. ഇത് പ്രിന്‍സിപ്പല്‍ സ്ഥാനത്തിനുതന്നെ വെല്ലുവിളിയാകും.

Related posts