സ്വന്തം ലേഖകന്‍
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സിപിഎമ്മിനെതിരേ ഒരക്ഷരം പോലും മിണ്ടില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറയുമ്പോഴും പ്രസ്താവനകള്കൊണ്ടുള്ള അക്രമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി സിപിഎം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും കൊടിയേരിയും രാഹുലിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.
വയനാട്ടില്‍ താന്‍ മത്സരിക്കാനെത്തുന്നത് ഇന്ത്യ ഒന്നാണ് എന്ന സന്ദേശം നല്‍കാനാണെന്നും സിപിഎമ്മും സിപിഐയും തനിക്കെതിരെ എന്തൊക്കെ ആക്രമണം നടത്തിയാലും താന്‍ മറിച്ചൊരു വാക്ക് പോലും പറയില്ലെന്നുമായിരുന്നു ഇന്നലെ കല്പറ്റയില് റോഡ് ഷോയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി പറഞ്ഞത്.
മാത്രമല്ല എന്റെ സഹോദരങ്ങളായ സിപിഎമ്മുകാരെ എന്ന് അഭിസംബോധനചെയ്താണ് രാഹുല്‍ സിപിഎമ്മിനെതിരേ മൃദു സമീപനം എടുത്തത്. കേരളത്തിലെ യുഡിഎഫ് നേതാക്കളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ഇതെന്നാണ് അറിയുന്നത്. നിലവില്‍ ബിജെപിയെ തന്നെ മുഖ്യശത്രുവായി കണ്ട് ദേശീയതലത്തിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തികൊണ്ടുവരികയെന്നതാണ് രാഹുല്‍ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
നിലവില്‍ കര്‍ഷകരുള്‍പ്പെടെയുള്ള സാധാരണജനവിഭാഗങ്ങള്ക്ക് നരേന്ദ്ര മോഡിസര്ക്കാരിനെതിരേ ശക്തമായ പ്രതിഷേധമുണ്ട്. ഇത് മുതലെടുക്കുക എന്നതാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കണമെന്നും സിപിഎമ്മിനെതിരേ അക്രമരാഷ്ട്രീയം ആയുധമാക്കണമെന്നും രാഹുല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയതായി അറിയുന്നു.
അതേസമയം രാഹുല്‍ഗാന്ധിക്കെതിരായ പ്രസ്താവനകളില്‍ നിന്നും സിപിഎം പിന്നോട്ട് പോവില്ല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഏറ്റവും കൂടുതല്‍ ക്ഷീണമുണ്ടാക്കിയത് തങ്ങള്‍ക്കാണെന്ന നിഗമനത്തിലാണ് സിപിഎം ഇപ്പോഴുള്ളത്. സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നവരുള്പ്പെടെയുള്ളള കേന്ദ്രനേതാക്കളെ വയനാട്ടില്‍ പ്രചാരണത്തിനിറക്കാനാണ് നിലവില്‍ സിപിഎം തീരുമാനം.
ഒരൊറ്റ ഇന്ത്യയെന്ന സന്ദേശം നല്‍കുകയാണ് രാഹുലിന്റെ ലക്ഷ്യമെങ്കില്‍ ഒരൊറ്റ മണ്ഡലത്തില്‍ മാത്രം മത്സരിച്ചാല്‍ മതിയായിരുന്നില്ലേ എന്ന ചോദ്യമാണ് സിപിഎം ഇപ്പോള്‍ ഉയര്‍ത്തുന്നത്. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും മത്സരിച്ചുകൊണ്ട് എങ്ങനെയാണ് ഒരൊറ്റ ഇന്ത്യയെന്ന സന്ദേശം നല്കാന് രാഹുലിന് കഴിയുകയെന്നും സിപിഎം ചോദിക്കുന്നു.