അമരവിള: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമരവിള കളത്തറക്കല്‍ പാടശേഖരത്തില്‍ വിത്തെറിഞ്ഞ് തുടക്കം കുറിക്കും. തമിഴ്‌നാട് മുഖ്യ മന്ത്രി ജയലളിതയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരിക്കും പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. ജില്ലയില്‍ ഗ്രൂപ്പ് ഫാമിംഗ് രിതിയില്‍ കൃഷി നടത്തുന്ന ഏക പാടശേഖരമായ അമരവിള കളത്തറക്കല്‍ പാട ശേഖരവും ഹരിള കേരളം പദ്ധതിയോടെ ജനശ്രദ്ധയില്‍ എത്തുകയാണ്. രാവിലെ ഒമ്പതിനാണ് മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
നോട്ട് മരവിപ്പ് കാരണം സഹകരണ ബാങ്കുകളില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍ വലിക്കാനാകാതെ കളത്തറക്കല്‍ പാടശേഖരത്തിലെ 67 കര്‍ഷകര്‍ ദുരിതത്തിലായ വാര്‍ത്ത ദീപിക പ്രസിദ്ധീകരിച്ചിരുന്നു. ഇത്തവണ കാലാവസ്ഥ അനുകൂലമായതോടെ മികച്ച വിളവ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. കൊല്ലയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് പിന്‍തുണയുമായി ശക്തമായൊരു പാടശേഖര സമിതിയുടെ കൈത്താങ്ങോടെയാണ് കളത്തറക്കലില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
നാളെ നടക്കുന്ന പരിപാടിയില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും എംഎല്‍എ മാരായ എം. വിന്‍സെന്റ്, കെ .ആന്‍സലന്‍, സി.കെ. ഹരീന്ദ്രന്‍, ഐ. ബി. സതീഷ് , നവ കേരളാ മിഷന്‍ ഡയറക്ടര്‍ ടി.എന്‍. സീമ , നടി മജ്ഞു വാര്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു തുടങ്ങിയവര്‍ പങ്കെടുക്കും.