കൂത്തുപറമ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുണ്ടായ ജാഗ്രതാ കുറവാണ് തിരഞ്ഞെടുപ്പിൽ വ്യാപകമായി വോട്ടിംഗ് യന്ത്രം തകരാറിലായ സ്ഥിതിയിലെത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പിണറായി ആർ സി അമല ബേസിക് യുപി സ്കൂളിൽ വോട്ടു ചെയ്ത ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നു. ഈ ഘട്ടങ്ങളിൽ വോട്ടിംഗ് യന്ത്രത്തിന് ഒരു തകരാറുമില്ലെന്ന് ഇലക്ഷൻ കമ്മിഷൻ ഉറപ്പു വരുത്തേണ്ടതായിരുന്നു. കേരളത്തിൽ വ്യാപകമായി വോട്ടിംഗ് യന്ത്രം തകരാറിലായെന്ന വസ്തുത നിലനില്ക്കുന്നു.
വേണ്ടത്ര ഗൗരവത്തോടെ ഇലക്ഷൻ കമ്മീഷൻ ഈ വിഷയം എടുത്തില്ലെന്ന് തന്നെയാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രി വോട്ടു ചെയ്ത ആർ.സി.അമല ബേസിക് യു.പി.സ്കൂളിലെ ബൂത്തിലും രാവിലെ തന്നെ വോട്ടിംഗ് യന്ത്രം തകരാറിലായിരുന്നു.ഇത് കാരണം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കും ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നു.