കൽപ്പറ്റ: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശിച്ചു. രാവിലെ 10 ഓടെ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാടിൽ ഇറങ്ങിയ പ്രതിപക്ഷനേതാവ് രമേശേ ചെന്നിത്തല, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരടങ്ങിയ സംഘമാണ് ജില്ലയിലെത്തിയത്.
10.45 ന് കൽപ്പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാന്പ് സന്ദർശിച്ചു. 900 ഓളം ആളുകളാണ് ഇവിടെ ക്യാന്പിൽ കഴിയുന്നത്. വയനാടിന്റെ ചുമതലയുള്ള തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കളക്ടർ, എംഎൽഎമാർ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കളക്ടറേറ്റിൽ അവലോകനയോഗവും ജനപ്രതിനിധികളുടെ പ്രത്യേക യോഗവും ചേർന്നു.
പ്രതികൂലകാലാവസ്ഥ കാരണം ഹെലികോപ്റ്ററിന് ഇടുക്കിയിൽ ഇറങ്ങാൻ കഴിയാതിരുന്നതിനെത്തുടർന്ന് മുഖ്യമന്ത്രിയും സംഘവും മുൻപ് നിശ്ചയിച്ചതിൽ നിന്നും രണ്ടരമണിക്കൂർമുൻപ് വയനാട്ടിൽ എത്തുകയായിരുന്നു.
മൂന്ന് താലൂക്കുകളിലുമായി 135 ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്.
2761 കുടുംബങ്ങളിൽനിന്നായി 10,676 പേരാണ് ക്യാന്പുകളിൽ കഴിയുന്നത്. കോടിക്കണക്കിനു രൂപയുടേതാണ് വീടുകളും കൃഷിയും നശിച്ചുണ്ടായ നഷ്ടം. കാലവർഷത്തിൽ ഇന്ന് രാവിലെ വരെ ജില്ലയിൽ 584.22 ഹെക്ടർ കൃഷി നശിച്ചതായാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്.