തിരുവനന്തപുരം: മന്ത്രി കെ.രാജുവിന്റെ വിദേശ യാത്രയെക്കുറിച്ച് അറിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണഗതിയിൽ മന്ത്രിമാർ വിദേശയാത്ര നടത്തിയാൽ മുഖ്യമന്ത്രിയെ അറിയിക്കും. കെ.രാജു വനത്തിന്റെ കാര്യം ഭംഗിയായി നോക്കുന്നുണ്ട്. അദ്ദേഹം മടങ്ങിയെത്തിയ ശേഷം വനത്തിന്റെ കാര്യം ഭംഗിയായി നോക്കുമെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
പ്രളയക്കെടുതിയിൽ കേരളം നട്ടംതിരിയുന്നതിനിടെ വിദേശയാത്ര പോയ മന്ത്രി കെ.രാജുവിനെ സിപിഐ തിരിച്ചുവിളിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വേൾഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബൽ സമ്മേളനത്തിൽ പങ്കെടുക്കാൻ വ്യാഴാഴ്ച രാവിലെ ജർമനിയിലേക്കു പുറപ്പെട്ട മന്ത്രിയോടു തിരിച്ചുവരാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു.
കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിസഭ കെ. രാജുവിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കോട്ടയത്ത് റെഡ് അലർട്ട് നിലനിൽക്കെ തന്നെയാണ് മന്ത്രി നാടുവിട്ടത്. മന്ത്രിക്കൊപ്പം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറുമുണ്ട്.