തിരുവനന്തപുരം: ഉരുൾ കവർന്ന വയനാട്ടിലെ ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലിശയിൽ ഈടാക്കുന്ന ഇളവ്, വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധി നീട്ടൽ ഇവയൊന്നും പരിഹാര മാർഗങ്ങളല്ല.
ദുരന്തം നടന്ന പ്രദേശത്തെ മുഴുവൻ കടങ്ങളും പൂർണമായും എഴുതിത്തളളണം. ബാങ്കുകൾക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും മാതൃകാ പരമായ നടപടികൾ സ്വീകരിക്കണമെന്നും എസ്എൽബിസി (ബാങ്കേഴ്സ് സമിതി)യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കർഷക കുടുംബങ്ങൾ കൂടുതലുളള പ്രദേശത്തെ മിക്ക ആളുകളും വായ്പ എടുത്തിട്ടുണ്ട്. വീട് നിർമ്മിക്കുന്നതിന് ലോൺ എടുത്തവർക്ക് വീട് തന്നെ ഇല്ലാതായി. നിലവിൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. അതിനാൽ മാതൃകാപരമായ നടപടികൾ ബാങ്കുകൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരിതബാധിതർക്കുളള ധന സഹായത്തിൽ കയ്യിട്ട് വാരിയ ഗ്രാമീൺ ബാങ്ക് നടപടി ശരിയല്ലെന്നും നടപടികൾ യന്ത്രികമായി മാറരുതെന്നും മുഖ്യമന്ത്രി ആരോപിച്ചു.