റെനീഷ് മാത്യു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് ചുക്കാൻ പിടിക്കാൻ കണ്ണൂരിൽ നിന്ന് എം.വി.ജയരാജനോ പി.ശശിയോ എത്തിയേക്കും.
സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ടതോടെയാണ് നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എം.വി. ജയരാജനെ വീണ്ടും ആ സ്ഥാനത്തേക്ക് നിയമിക്കാൻ സിപിഎമ്മിൽ ചർച്ച നടക്കുന്നത്.
മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിയെ കൊണ്ടുവരാനും ആലോചനയുണ്ട്. സദാചാരലംഘനത്തെ തുടർന്ന് പുറത്തായ പി.ശശിയെ സിപിഎമ്മിൽ തിരിച്ചെടുത്തിരുന്നു. തലശേരി ഏരിയയ്ക്ക് കീഴിൽ ബ്രാഞ്ച് അംഗമാണ് നിലവിൽ.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും എം.വി ജയരാജൻ പടിയിറങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സുതാര്യതയും ഗൗരവവും നഷ്ടപ്പെട്ടതായാണ് സിപിഎം വിലയിരുത്തുന്നത്. അതിനാൽ ജയരാജനെ വീണ്ടും നിയമിക്കണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കാണ് പാർട്ടി നേതൃത്വം ജയരാജനെ രണ്ടു വർഷം മുൻപ് നീക്കിയത്. പാർട്ടിക്കു മീതെ വളരാൻ ശ്രമിച്ച പി.ജയരാജൻ എന്ന കണ്ണൂരിലെ കരുത്തനായ ജില്ലാ സെക്രട്ടറിയെ ഒതുക്കുവാനാണ് ജയരാജനെ കൊണ്ടുവന്നത്.
മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും സമ്മതത്തോടെയാണ് ഈ അജണ്ട നടപ്പിലാക്കിയത്. ഭരണതലത്തിലുള്ള മിടുക്കും അനുഭവപരിചയവുമാണ് എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിക്കാൻ സംസ്ഥാന നേതൃത്വത്തെ നേരത്തെ പ്രേരിപ്പിച്ചത്.
ഉപദേശകരെയും സ്റ്റാഫിനെയും മുട്ടി വഴി നടക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ഭരണസ്തംഭനമായിരുന്നു ആദ്യ ഒരു വർഷത്തെ പിണറായി ഭരണത്തിന്റെ മുഖമുദ്ര. എന്നാൽ ജയരാജന്റെ വരവോടെ കാര്യങ്ങൾ മാറി മറിഞ്ഞു.
എം.വി. ജയരാജൻ ചുമതലയേറ്റതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് അടുക്കും ചിട്ടയും കൈവരാൻ തുടങ്ങി. പാർട്ടിയും സർക്കാരും തമ്മിലുള്ള പാലമായി പ്രവർത്തിക്കാൻ എം.വി ജയരാജന് കഴിഞ്ഞതാണ് ഈ ഗുണപരമായ മാറ്റങ്ങൾക്കിടയാക്കിയത്.
കൃത്യമായ രാഷ്ട്രീയ തീരുമാനങ്ങൾ ഘടകകക്ഷികളെ കൂടി വിശ്വാസത്തിലെടുത്ത് ഭരണതലത്തിൽ നടപ്പിലാക്കാൻ ജയരാജന് കഴിഞ്ഞു. അതിനാൽ ജയരാജൻ തിരികെ എത്തണമെന്നാണ് സിപിഎമ്മിന്റെ താത്പര്യം.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ പല ആരോപണങ്ങളും ഉയർന്നപ്പോൾ എതിർക്കുവാൻ സിപിഎമ്മിലെ കണ്ണൂർ നേതാക്കൾ ഉണ്ടായിരുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായ സംഭവത്തിൽ സിപിഎം കണ്ണൂർ ലോബി കടുത്ത അമർഷത്തിലാണ്.
ഓഫീസിനെ പ്രതിക്കൂട്ടിലാക്കി ആരോപണം ഉയർന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കാൻ എത്തിയത് ജയരാജൻമാരിൽ ഇ.പി.ജയരാജൻ മാത്രമാണ്. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം ഇക്കാര്യത്തിൽ മൗനത്തിലാണ്.