തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതോടെ കേന്ദ്ര ഏജൻസികളും എൽഡിഎഫ് സർക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്.
അന്വേഷണ ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കാൻ സർക്കാർ ജുഡീഷൽ കമ്മീഷനെ നിയോഗിച്ചു. റിട്ട. ജഡ്ജി കെ.വി.മോഹനനെ കമ്മീഷനാക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തത്.
സർക്കാർ തീരുമാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമുണ്ട്. കമ്മീഷൻ അനുമതി ലഭിക്കുന്നതിന് പിന്നാലെ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കും.
വികസന പദ്ധതികൾ തടസപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ബോധപൂർവം നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടിയുണ്ടായത്.
കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിവരങ്ങളും കരാറുകാരുടെ വിശദാംശങ്ങളും ശേഖരിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട പരിശോധനയാണ് കിഫ്ബിയിൽ കേന്ദ്ര ഏജൻസി നടത്തിയത്