തിരുവനന്തപുരം: കോർപ്പറേറ്റ് ഭീമൻ അദാനിയിൽനിന്നും സർക്കാർ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
വസ്തുതാ വിരുദ്ധമായി കാര്യങ്ങൾ പറയുന്ന ചെന്നിത്തലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.കേന്ദ്ര സർക്കാർ സ്ഥാപനവുമായാണ് കെഎസ്ഇബി കരാർ ഒപ്പിട്ടത്.
എവിടെ നിന്നു വൈദ്യുതി വാങ്ങുന്നുവെന്ന് നോക്കേണ്ട കാര്യമില്ല. അദാനിയുമായി നേരിട്ട് കരാറില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കിയതാണ്. പുതിയ കരാർ ഉണ്ടെങ്കിൽ ചെന്നിത്തല രേഖകൾ പുറത്തുവിടണം. താൻ പറഞ്ഞ നുണ ബോംബുകളിൽ ഒന്നാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും മുഖ്യമന്ത്രി വിമർശനം നടത്തി. മോദി വർഗീയതയുടെ ഉപാസകനും വാഗ്ദാനലംഘനത്തിന്റെ അപ്പോസ്തലനുമാണ്. ഇത്തരക്കാരെ കേരളം പടിക്ക് പുറത്ത് നിർത്തും.
ശബരിമലയിൽ ഒന്നും ചെയ്യാൻ സാധിക്കാത്തതിനാലാകും മോദി ശരണം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയകാലത്ത് തന്ന അരിക്ക് അണാ പൈ കണക്കുപറഞ്ഞ് പണം വാങ്ങി. സഹായിക്കാൻ തയാറായവരെ പോലും കേന്ദ്രം വിലക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോൺഗ്രസ് സഹായിച്ചതുകൊണ്ടാണ് കഴിഞ്ഞ തവണ നേമത്ത് ബിജെപി ജയിച്ചത്. ആ അക്കൗണ്ട് എൽഡിഎഫ് ഇത്തവണ ക്ലോസ് ചെയ്യും. കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ കേരളത്തെ കുറിച്ച് വ്യാജ ചിത്രം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.
ഉറപ്പായും ജയിക്കുമെന്ന് പറയാൻ ബിജെപിക്ക് ഒരു സീറ്റില്ല. ബിജെപിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.