എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തേക്ക്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ക്വാറന്റൈൻ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് തലസ്ഥാനത്തെ ഔദ്യോഗിക വസതിയിൽ എത്തും.
തുടർന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ ഉൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥതല മീറ്റിംഗ് നടത്തും. ഓൺലൈനായി നടക്കുന്ന യോഗത്തിൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജയും പങ്കെടുക്കും.രോഗവ്യാപനം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ കൂടുതൽ പരിശോധന ഉണ്ടാകും.
രോഗവ്യാപനം കൂടുതൽ ഉള്ള മേഖലകളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി തിരിച്ച് കർശന പരിശോധനയും നിയന്ത്രണങ്ങളും ഏർപ്പെടുത്തും. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരേ ഒരു തരത്തിലുള്ള ശിക്ഷാ ഇളവും ഉണ്ടാകില്ല .
സംസ്ഥാനത്ത് രോഗികളുടെ എണ്ണം പ്രതിദിനം നാൽപതിനായിരം കടക്കുമെന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മറ്റിയുടെ വിലയിരുത്തൽ. കണ്ണൂർ, മലപ്പുറം, തൃശൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നും കോർ കമ്മറ്റി വിലയിരുത്തി.
കോർ കമ്മറ്റി ചർച്ച ചെയ്ത കാര്യങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി അറിയിക്കും.
പ്രതിസന്ധി കൂട്ടി വാക്സിൻ ക്ഷാമം
സംസ്ഥാനം ഇപ്പോൾ നേരിടുന്ന രൂക്ഷമായ വാക്സിൻ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് യോഗം ചർച്ച ചെയ്യും. സംസ്ഥാനം അടിയന്തരമായി 50 ലക്ഷം ഡോസ് വാക്സിനാണ് ആണ് ആവശ്യപ്പെട്ടത് . എന്നാൽ ഇന്ന് രണ്ടരലക്ഷം വാക്സിൻ എത്തും എന്നുള്ള അറിയിപ്പ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്.
വാക്സിൻ ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്ത് നടത്തിക്കൊണ്ടിരുന്ന വാക്സിൻ ക്യാമ്പുകൾപലയിടത്തും മുടങ്ങിയിരിക്കുകയാണ്. സെക്കൻഡ് ഡോസ് എടുക്കേണ്ടവർ ആണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്. ആദ്യ ഡോസ് എടുത്തവർ 42 ദിവസങ്ങൾക്കുശേഷം സെക്കൻഡ് ഡോസ് എടുക്കണമെന്നാണ് നിർദ്ദേശം.
ആദ്യ ഡോസ് എടുത്തവർ അതേ സ്ഥലത്ത് നിന്ന് സെക്കൻഡറി എടുക്കണം എന്നുള്ള നിർദേശം ഉണ്ടെങ്കിലും പലർക്കും ഇതുവരെ രണ്ടാമത്തെ ഡോസ് എടുക്കാൻ കഴിഞ്ഞിട്ടില്ല. പല വാക്സിനേഷൻ കേന്ദ്രങ്ങളിലും രണ്ടാമത്തെ ഡോസ് എടുക്കാൻ ഉള്ളവരുടെ നീണ്ടനിര ആണുള്ളത്.
തലസ്ഥാനത്തെ മാസ് വാക്സിനേഷൻ കേന്ദ്രമായ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വാക്സിൻ ക്ഷാമം രൂക്ഷമാണ്. ഇന്ന് വാക്സിൻ എത്തിയാൽ മാത്രമേ ഇവിടെ ഇന്ന് ക്യാമ്പ് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.രോഗികളുടെ എണ്ണത്തിൽ വരും ദിവസങ്ങളിലും വലിയ വർധന ഉണ്ടായാൽ ഐസിയു ബെഡുകൾക്കും കുറവുണ്ടാകും.
രോഗികളുടെ എണ്ണം വർധിക്കുന്നതോടൊപ്പം രോഗവിമുക്തരുടെ എണ്ണത്തിൽ വർധന ഉണ്ടാകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞതവണ രോഗികളുടെ എണ്ണത്തോടൊപ്പം ഏതാണ്ട് തുല്യമായി തന്നെ രോഗവിമുക്തരുടെ എണ്ണവും ഉണ്ടായതിനാൽ വലിയ പ്രതിസന്ധി ഉണ്ടായില്ല.
തിങ്ങിനിറഞ്ഞ് ആശുപത്രികൾ
കോവിഡ് രണ്ടാം തരംഗത്തിൽ ശ്വാസകോശത്തെ ആണ് രോഗം കൂടുതൽ ബാധിക്കുന്നത്. ഓക്സിജൻ, വെന്റിലേറ്റർ അടക്കമുള്ള ഉള്ള ചികിത്സാ സൗകര്യങ്ങൾ ആവശ്യമുള്ളതിനാൽ രോഗികൾക്ക് കൂടുതൽ ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരുന്നു. ഇതു വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
തുടർച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്തെ രോഗികളുടെ എണ്ണം പതിനായിരം കടന്നതോടെ സംസ്ഥാനത്തെ മിക്ക ആശുപത്രികളും കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകൾ ആരംഭിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇന്നത്തെ ഉന്നതതല യോഗത്തിൽ തീരുമാനമുണ്ടാകും.
കഴിഞ്ഞ തവണ ആരംഭിച്ച എല്ലാ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളും അടച്ചുപൂട്ടിയിരുന്നു. ഇതെല്ലാം വീണ്ടും തുറക്കുന്നതിന് ഇന്നത്തെ യോഗത്തിനുശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകും .കോവിഡ് രണ്ടാം തരംഗത്തിൽആരോഗ്യപ്രവർത്തകർക്ക് വലിയ രീതിയിൽ രോഗം ബാധിക്കുന്നത് ചികിത്സാരംഗത്തും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇതു പരിഹരിക്കുന്നതിനുള്ള നടപടികളും ഇന്നത്തെ യോഗം ചർച്ച ചെയ്യും. ഇന്നും നാളെയും കൂട്ട പരിശോധന ഉണ്ടാകും. മൂന്നു ലക്ഷം പേരെ പരിശോധിക്കാനാണ് ആണ് തീരുമാനിച്ചിരിക്കുന്നത്.