തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ആശുപത്രികളിൽ ചികിത്സയ്ക്കായെത്തുന്ന മറ്റു രോഗികളേയും ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ഇതര രോഗങ്ങളുടെ ചികിത്സയും ശസ്ത്രക്രിയകളും ക്രമപ്പെടുത്തി വരുന്ന ഘട്ടമായിരുന്നു ഇത്.
രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മിക്ക ആശുപത്രികളും വീണ്ടും കോവിഡ് ആശുപത്രികളായി മാറുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ് പ്രാധാന്യം കുറക്കാതെ മറ്റ് രോഗികളെയും ശ്രദ്ധിക്കാനാകണം.
മറ്റു ചികിത്സാ സൗകര്യങ്ങൾ ഇല്ലാതാക്കരുത്. മാറ്റിവെച്ച ശസ്ത്രക്രിയ ഉൾപ്പെടെ ഇപ്പോൾ നടത്താൻ തീരുമാനിച്ചിരിക്കുന്നവരാണ് പലരും. അത്തരം ചികിത്സ കൂടി തുടരാൻ ഉള്ള ക്രമീകരണം കൂടി ഏർപ്പെടുത്തും.
ജില്ലാ കളക്ടർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇത് നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് അതത് ഇടങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികൾ വ്യത്യസ്ത നിരക്കുകൾ കോവിഡ് ചികിത്സയ്ക്ക് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ട്. വലിയ അന്തരമാണ് കാണുന്നത്. 2300 രൂപ മുതൽ മുതൽ 20,000 രൂപ വരെ പലയിടത്തും ഒരു ദിവസത്തെ ചികിത്സയ്ക്ക് മാത്രം ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത് ക്രമീകരിക്കാൻ ജില്ലാഭരണാധികാരികൾ ഇടപെടണം. കോവിഡ് അവസരമായി കണ്ട് അമിതചാർജ് അപൂർവം ചിലരെങ്കിലും ഈടാക്കുന്നു. സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സ നടത്തണം.
എന്നാൽ, ന്യായമായ നിരക്കായിരിക്കണം ഈടാക്കുന്നത്. സംസ്ഥാനതലത്തിൽ ഈടാക്കേണ്ട തുകയെക്കുറിച്ച് ധാരണ ഉണ്ടാക്കും. സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം ശനിയാഴ്ച വിളിച്ചു ചേർക്കുന്നുണ്ട്. ഈ വിഷയവും അവിടെ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.