തിരുവനന്തപുരം: പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു.
സിപിഎം, എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗങ്ങൾ പിണറായി വിജയനെ നേതാവായി തെരഞ്ഞെടുത്തതിന്റെ ഔദ്യോഗിക രേഖകൾ പിണറായി വിജയൻ കൈമാറി.
തുടർന്നു മന്ത്രിസഭ രൂപീകരിക്കാനായി പിണറായി വിജയനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔപചാരികമായി ക്ഷണിച്ചു.ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്.
മുഖ്യമന്ത്രി ഉൾപ്പെടെ പുതിയ 21 മന്ത്രിമാരുടെ പട്ടികയും ഗവർണർക്കു കൈമാറി. 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിക്കൊടുക്കണമെന്ന് അഭ്യർഥിക്കുന്ന ക്ഷണക്കത്ത് നൽകി.
കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു നിന്നു. പുതിയ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം സത്യപ്രതിജ്ഞയ്ക്കു ശേഷം ഗവർണർ ഇറക്കും.