തൃശൂർ: തൃശൂർ കോർപറേഷൻ ഭരണം ഉറപ്പിക്കാൻ കോണ്‍ഗ്രസ് വിമതനായി ജയിച്ച എം.കെ. വർഗീസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ചു സംസാരിച്ചെന്ന് സൂചന.
മേയർ തെരഞ്ഞെടുപ്പു നടക്കുന്ന തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ ജില്ലയിൽ എത്തും.
ചൊവ്വാഴ്ചയാണു മുഖ്യമന്ത്രിയുടെ പരിപാടി. വാണിജ്യ വ്യവസായ പ്രമുഖർ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അന്നു കാണാമെന്ന മുഖവുരയോടെയായിരുന്നു മുഖ്യമന്ത്രി വർഗീസിനെ എൽഡിഎഫിലേക്കു ക്ഷണിച്ചത്.
സിപിഎമ്മിലെ സംസ്ഥാനത്തിൽ മുതിർന്ന നേതാവ് തന്നോട് സംസാരിച്ചാലേ കാര്യങ്ങൾക്കു തീരുമാനമുണ്ടാകൂവെന്ന് വർഗീസ് സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം സിപിഎം നേതൃത്വം പാർട്ടി സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കണ്‍വീനറുമായ എ. വിജയരാഘവനെ അറിയിച്ചിരുന്നു.
വിജയരാഘവനെക്കൊണ്ടു വിളിപ്പിക്കാമെന്നായിരുന്നു സിപിഎം ജില്ലാ നേതൃത്വം കരുതിയത്. എന്നാൽ സിപിഎം ഒരു മുഴം നീട്ടിയെറിഞ്ഞ് മുഖ്യമന്ത്രിയെക്കൊണ്ടുതന്നെ വിളിപ്പിച്ച് വർഗീസിന്റെ കാര്യം ഉറപ്പിക്കുകയായിരുന്നു.
തൃശൂരിൽ നമുക്ക് തുടരണമെന്നും അതിന് വർഗീസ് എന്താണ് വേണ്ടതെന്ന് വെച്ചാൽ ചെയ്യണമെന്നും ഒന്നും സംശയിക്കേണ്ടെന്നും എല്ലാം ശരിയാക്കാമെന്നും പിണറായി വർഗീസിനോടു പറഞ്ഞെന്നാണ് സൂചന.
വർഗീസ് മുന്നോട്ടുവച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകുമെന്നും അതെക്കുറിച്ചൊന്നും ആശങ്ക വേണ്ടെന്നും പിണറായി ഉറപ്പു നൽകിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
സംസ്ഥാനത്തെ മറ്റേതു നേതാവ് വിളിച്ചാലും വിലപേശലിനു തയാറെടുത്തുനിന്ന വർഗീസിനും കൂട്ടർക്കും പിണറായി വിളിച്ചതോടെ വിലപേശാനാകാത്ത അവസ്ഥയായി.
മേയർ പദവി ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും വർഗീസിന് ഏതു ടേമിൽ മേയറാക്കണമെന്ന കാര്യത്തിലാണ് ആശയക്കുഴപ്പമുള്ളത്.