തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കൂടി ഉൾപ്പെടുത്താൻ ഇഡിയുടെ ഭാഗത്തു നിന്നു ബോധപൂർവ ശ്രമമുണ്ടായെന്നു മൊഴി.
സ്വപ്ന ഇഡി കസ്റ്റഡിയിലായിരിക്കെ അവരുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയാണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്.
ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ശിവശങ്കർ സ്വപ്നയ്ക്ക് നൽകിയതാണെന്നും ആ തുക മുഖ്യമന്ത്രിയാണ് ശിവശങ്കറിന് നൽകിയതെന്നും പറയിപ്പിക്കാനാണ് ശ്രമം നടന്നതെന്ന് കടവന്ത്ര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എസ്.രാജിമോൾ മൊഴി നൽകി.
ഇത്തരത്തിൽ മൊഴി നൽകിയാൽ സ്വപ്നയെ കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് ചോദ്യം ചെയ്യലിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിവൈഎസ്പി രാധാകൃഷ്ണൻ പറഞ്ഞത് കേട്ടെന്നും പോലീസ് ഉദ്യോഗസ്ഥയുടെ മൊഴിയിലുണ്ട്.
സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദ സന്ദേശം സംബന്ധിച്ച അന്വേഷണ സംഘത്തിനാണ് രാജിമോൾ മൊഴി നൽകിയത്.
കഴിഞ്ഞ ഓഗസ്റ്റ് 13ന് രാത്രിയിൽ നടന്ന ചോദ്യം ചെയ്യലിലാണ് ഇഡി ഉദ്യോഗസ്ഥനിൽ നിന്ന് സ്വപ്നയ്ക്ക് വാഗ്ദാനം ലഭിച്ചതെന്ന് രാജിമോളുടെ മൊഴിയിലുണ്ട്.