ആലുവ: കളമശേരിയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഇനി രണ്ടുനാൾ ആലുവ പാലസിൽ. ഒപ്പം മുൻ ആഭ്യന്തര മന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും.
എന്നാൽ ഇവർക്ക് സുരക്ഷയൊരുക്കേണ്ട ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം പകരക്കാരാണ്. ഇന്നലെ മുഖ്യമന്ത്രിയെത്തിയതോടെ താൽക്കാലിക ഭരണ സിരാ കേന്ദ്രമായി ആലുവ മാറുകയായിരുന്നു. പാലസിന്റെ അനക്സ് ബ്ലോക്കിലെ രണ്ട് റൂമുകളിലാണ് വിഐപികളുടെ താമസം.
അഡ്വക്കറ്റ് ജനറലുമായി ഇന്നലെ മുഖ്യമന്ത്രി ചർച്ച നടത്തി. വിവാദമായ മോഫിയ കേസിന്റെ വിവരങ്ങൾ റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തികിനെ വിളിച്ചു വരുത്തി ചർച്ച ചെയ്തു. നാളെ രാത്രിയോടെ ഇരുവരും മടങ്ങും.
അതേസമയം, മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിഐയായിരുന്ന സി.എൽ. സുധീറിനെ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം പുതിയ ഇൻസ്പെക്ടർ ചുമതലയേറ്റിരുന്നു.
എന്നാൽ ഈ ഉദ്യോഗസ്ഥൻ ഇന്നലെ മുതൽ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. പകരം എടത്തല ഇൻസ്പെക്ടർക്കാണ് ആലുവയുടെ ചുമതല.
കൂടാതെ, മോഫിയ സംഭവത്തിൽ നടന്ന സമരത്തിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകർക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ച് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയെന്ന പരാതിയെ തുടർന്ന് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐയും ഗ്രേഡ് എഎസ്ഐയും ഇന്നലെ മുതൽ സസ്പെപെൻഷനിലാണ്.
പ്രിൻസിപ്പൽ എസ്ഐയുടെ ചുമതല അഡീഷനൽ എസ്ഐക്ക് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പാലസിലെ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്നത് രണ്ട് ഡിവൈഎസ്പിമാരാണ്.