തിരുവനന്തപുരം: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോരിന് സാക്ഷ്യം വഹിച്ച് സ്പീക്കർ വിളിച്ചു ചേർത്ത യോഗം.
കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ എല്ലാ വിഷയത്തിലും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്.
അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ല എന്ന് വി.ഡി.സതീശൻ തിരിച്ചടിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് വൈകാരികമായും പ്രകോപനപരവുമായി സംസാരിക്കുന്നത് എന്തിനെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ചോദ്യത്തിന് ആരാണ് ബാലൻസ് തെറ്റി സംസാരിക്കുന്നത് എന്നാണ് വി.ഡി.സതീശൻ മറുപടിയായി പറഞ്ഞത്. എംഎൽഎ മാത്യു കുഴൽ നാടൻ സംസാരിച്ചപ്പോൾ എത്ര തവണ മുഖ്യമന്ത്രി ഇടപെട്ടു എന്നും വി.ഡി.സതീശൻ ചോദിച്ചു.
മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയം: വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അടിയന്തര പ്രമേയം വേണമോ എന്ന് സ്പീക്കർക്ക് പകരം മുഖ്യമന്ത്രി തീരുമാനിക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ചീഫ് മാർഷൽ സിപിഎം ഗുണ്ട യെ പോലെയാണ് ഇന്നലെ പെരുമാറിയത്. മുഖ്യമന്ത്രിയുടെ മുന്നിൽ വാലാട്ടി നിൽക്കുന്ന പ്രതിപക്ഷമല്ലെന്നും സതീശൻ പറഞ്ഞു.
പിണറായി വിജയൻ സ്റ്റാലിൻ ആകാനുള്ള തയാറെടുപ്പിലാണ്. സ്പീക്കർ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.