തിരുവനന്തപുരം: ശബരിമലയിൽ എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം ഉയർന്ന എസ്പി യതീഷ് ചന്ദ്രയെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര മന്ത്രിയോടു പോലീസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. പോലീസ് ശരിയായ ദിശയിലാണു പ്രവർത്തിച്ചത്. കൃത്യമായി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ അപമാനിക്കാനും ആക്രമിക്കാനുമാണു സംഘപരിവാർ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പന്പയിൽ വാഹനം പാർക്കു ചെയ്യാനുള്ള സംവിധാനം പ്രളയത്തിൽ നഷ്ടമായതിനെ തുടർന്നു സ്വകാര്യ വാഹനങ്ങൾ അവിടേക്കു കടത്തിവിടില്ല. കേന്ദ്രമന്ത്രിയെപ്പോലുള്ള വിവിഐപികളുടെ വാഹനം തടയില്ല. കേന്ദ്രമന്ത്രിയോടൊപ്പമുള്ളവരുടെ വാഹനം തടഞ്ഞതാണു പ്രശ്നമായത്. ചില ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാര്യവീടിനു മുന്നിൽ വരെ പ്രകടനം നടത്തുന്ന സ്ഥിതിയുണ്ടായി. മറ്റു സംസ്ഥാനങ്ങളിലുള്ളവരുടെ വീടുകൾക്കു നേരെ പ്രകോപനകരമായ പ്രകടനം നടത്തുന്ന സ്ഥിതിയുണ്ടായി.
ശബരിമലയിലെ പോലീസ് ഇടപെടൽ ശരിയായ ദിശയിലാണെന്നു ഹൈക്കോടതി വിധിയിൽപോലും വ്യക്തമാകുന്നത്. പൊതുവിൽ ശബരിമലയിൽ സർക്കാർ സ്വീകരിച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന വിധിയാണു ഹൈക്കോടതിയിൽ നിന്നുണ്ടായത്. ദർശനത്തിന് എത്തുന്ന യഥാർഥ ഭക്തരെ തടസപ്പെടുത്താതിരിക്കാനാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഹൈക്കോടതിയുടെ 14 പേജുള്ള ഉത്തരവിൽ ഒരു പോലീസ് ഉദ്യോഗസ്ഥനേയും പരാമർശിക്കുന്നില്ല.
എജിയും പോലീസും പറഞ്ഞതു കോടതി വിശ്വാസത്തിൽ എടുക്കുകയായിരുന്നു. ശരണം വിളി തടഞ്ഞുവെന്ന പ്രചാരണം ശരിയല്ല. നവംബർ 22 ലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവിൽ ഇതു വ്യക്തമാക്കുന്നുണ്ട്. ഭക്തർക്ക് ഒറ്റയ്ക്കോ കൂട്ടമായോ ദർശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസമില്ല.
യഥാർഥ ഭക്തർക്ക് അവിടെ ഒരു തടസവുമില്ല. കലാപകാരികൾക്കു മാത്രമാണ് തടസം സൃഷ്ടിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരേ ആക്രമണമുണ്ടാകുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. ശബരിമലയിൽ ഇപ്പോൾ നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവോത്ഥാനവുമായി ബന്ധപ്പെട്ടു സാമുദായിക സംഘടനകൾ പ്രത്യേക പങ്കു വഹിച്ചിരുന്നു. ഇതിനാലാണ് ഇവരെ ചർച്ചയ്ക്കു ക്ഷണിക്കുന്നത്. വിശ്വാസത്തിന്റെ ഭാഗമായുള്ള നിലപാടാണ് എൻഎസ്എസ് സ്വീകരിച്ചിട്ടുള്ളത്. എൻഎസ്എസ് ജനറൽ സെക്രട്ടറി കഴിഞ്ഞദിവസം വിളിച്ചിരുന്നു. ഇക്കാര്യത്തിലുള്ള സർക്കാർ നിലപാടു താൻ വ്യക്തമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.