തിരുവനന്തപുരം: ബിജെപി ജനരക്ഷായാത്രയിൽ കേരളത്തിനും എൽഡിഎഫ് സർക്കാരിനുമെതിരേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിമർശനങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഉയർന്ന ശിശുമരണനിരക്ക് യുപിയേക്കാൾ മെച്ചപ്പെട്ട നിലയിലാണെന്നു പറഞ്ഞ പിണറായി, സ്വന്തം സംസ്ഥാനത്ത് പ്രശ്നങ്ങളുടെ കൂന്പാരമായിട്ടും കേരളത്തിലെ പ്രശ്നങ്ങളിൽ ഇടപെടാൻ സമയം കണ്ടെത്തിയതിൽ യോഗിയോടു നന്ദിയും രേഖപ്പെടുത്തി.
നന്ദി ശ്രീ യോഗി ആദിത്യനാഥ്, കേരളത്തിന്റെ ശിശുമരണ നിരക്കു ലോകത്തെ നിരവധി വികസിത രാജ്യങ്ങളെക്കാൾ മെച്ചമാണെന്നു മൊത്തം രാജ്യത്തെ അറിയിക്കാൻ അവസരമൊരുക്കിയതിന്. സ്വന്തം സംസ്ഥാനത്തു പ്രശ്നങ്ങളുടെ കൂന്പാരമായിട്ടും താങ്കൾ കേരളത്തിന്റെ വിഷയങ്ങളിൽ ഇടപെടാൻ സമയം കണ്ടെത്തിയതിൽ സന്തോഷം. യുപിയെക്കുറിച്ച് ഓർക്കുന്പോൾ ആരുടെ മനസിലും തെളിയുന്ന ഒരു ചിത്രം താജ് മഹലിന്േറതാണ്. യുപിയിൽ അങ്ങയുടെ സർക്കാരിന്റെ പട്ടികയിൽ താജ്മഹൽ ഇല്ല. കാഴ്ചയുടെ ആ കുഴപ്പം കൊണ്ടാണു കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങൾ താങ്കളുടെ ശ്രദ്ധയിൽപെടാതെ പോയതെന്നു കരുതുന്നു. കേരളത്തിന്റെ ശിശുമരണ നിരക്ക് 10 ആണെന്നും യോഗിയുടെ യുപിയിൽ അത് 43 ആണെന്നും പിണറായി ഓർമപ്പെടുത്തി.
വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനു നിയമനടപടി നേരിടുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വാക്കു വിശ്വസിച്ചു തെറ്റായ പ്രസ്താവനകൾ നടത്തുന്നതിൽ അങ്ങയോടു സഹതാപം രേഖപ്പെടുത്തുന്നതായും പിണറായി പരിഹസിച്ചു.