അസമയത്ത് കോണ്‍ഗ്രസ് സാമാജികനൊപ്പം തന്നെ സന്ദര്‍ശിക്കാനെത്തിയ സിപിഎം എംഎല്‍എയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. മുന്‍കൂട്ടി അനുവാദം വാങ്ങാതെ പ്രതിപക്ഷ എംഎല്എയ്ക്കൊപ്പമെത്തിയതാണു പിണറായിയെ ചൊടിപ്പിച്ചത്. പിണറായി അസംന്തുഷ്ടി പ്രകടിപ്പിച്ചതോടെ എംഎല്എയ്ക്കൊപ്പമെത്തിയവരും വല്ലാതെയായി. കരമനകളിയിക്കാവിള റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് ഇരുനേതാക്കളും മുഖ്യമന്ത്രിയെ കാണാനായെത്തിയത്. ആദ്യം അനിഷ്ടം മറച്ചുവച്ച് മുഖ്യമന്ത്രി ഇരുവരോടും സംസാരിച്ചു.
കാട്ടാക്കട എം.എല്‍.എയും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ ഐ.ബി. സതീഷിനെയാണു പിണറായി ശാസിച്ചത്. കോവളം എം.എല്‍.എ എം. വിന്‍സെന്റാണു സതീഷിനൊപ്പമുണ്ടായിരുന്നത്. കരമനകളിയിക്കാവിള ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും എം.എല്‍.എമാര്‍ക്കൊപ്പമുണ്ടായിരുന്നു. ഉചിതമായ നടപടി സ്വീകരിക്കാമെന്നു പറഞ്ഞശേഷമാണു പിണറായി സതീഷിനോടു കയര്‍ത്തത്. മറ്റു പല കാര്യങ്ങളും ചെയ്തുതീര്‍ക്കുന്നതിനിടെ നിങ്ങളുടെ വരവ് തനിക്കിഷ്ടപ്പെട്ടില്ലെന്നു സതീഷിനോടു പിണറായി തുറന്നടിച്ചു. ഇത് ഒപ്പമുണ്ടായിരുന്ന വിന്സെന്റിനെയും ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെയും സ്തബ്ധരാക്കി.