തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായതിനു പിന്നാലെ ഗവർണർക്കെതിരെ വ്യാപക പ്രതിഷേധത്തിനു തുടക്കമിട്ട് ഇടതുമുന്നണി.
ഗവർണറുടെ നയങ്ങൾക്കെതിരെ തെരുവിൽ പ്രതിക്ഷേധിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം.ഗവർണറുടെ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും നാളെയുമായി ഇടതുമുന്നണി പ്രതിഷേധ പ്രകടനങ്ങൾ നടത്തും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോഗം നടക്കും.
നവംബര്‍ രണ്ട് മുതൽ കൺവെൻഷനും 15ന് രാജ്ഭവന് മുന്നിൽ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇടത് യുവജന സംഘടനകളും അധ്യാപക സംഘടനകളും പ്രതിഷേധത്തിൽ പങ്ക് ചേരും.
സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് ആരോപിക്കുന്ന ഇടത് മുന്നണി ന്യൂനപക്ഷ സംഘടനകളെ ഒപ്പം നിർത്താനും ലക്ഷ്യമിടുന്നു.
ചാൻസലർ പദവി ഗവർണർ ദുരുപയോഗം ചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു.
ഗവര്‍ണര്‍ ഗവര്‍ണറുടെ ചുമതല നിര്‍വഹിച്ചാല്‍ മതിയെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും ഇന്നലത്തെ വാര്‍ത്താസമ്മേളനങ്ങൾ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്ന സൂചനയാണ് നൽകുന്നത്.
ഒന്നു തോണ്ടി കളയാമെന്ന് വച്ചാല്‍ ആ തോണ്ടലൊന്നും ഏശില്ല. ഗവര്‍ണര്‍ എന്ന സ്ഥാനത്ത് ഇരിക്കുന്നതിന്റെ ഭാഗമായി അധികാരവും പദവിയുമുണ്ട്.
അത് വച്ച് പ്രവര്ത്തിച്ചോണം എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം ചെപ്പടിവിദ്യ കാണിക്കുന്നവരെ നിയന്ത്രിക്കാൻ പിപ്പിടി വിദ്യ വേണ്ടി വരും എന്നാണ് ഗവർണർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
അതേസമയം ഹൈക്കോടതി വിധി അംഗീകരിക്കുമെന്ന നിലപാടിലാണ് ഗവർണർ. ഗവര്‍ണർ അന്തിമ ഉത്തരവ് പറയും വരെ സംസ്ഥാനത്തെ ഒൻപത് വൈസ് ചാൻസലർമാർക്കും തൽസ്ഥാനത്ത് തുടരാമെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടത്.
നിയമമനുസരിച്ച് നടപടിക്രമങ്ങൾ പാലിച്ച് ഗവർണർക്ക് മുന്നോട്ടു പോകാമെന്നും കോടതി പറഞ്ഞു.മാനദണ്ഡം പാലിച്ചല്ല നിയമനമെങ്കിൽ വൈസ് ചാൻസലർമാരെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ ഗവർണർക്ക് അവകാശമുണ്ട്.
എന്നാൽ അതിന് സ്വീകരിക്കുന്ന നടപടികൾ ചട്ടപ്രകാരമാകണം. പത്തുദിവസത്തിനുളളിൽ വിസിമാർ നൽകുന്ന മറുപടികേട്ട് ചാൻസലർക്ക് അന്തിമ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഒൻപത് സർവകലാശാല വിസിമാർ ഉടൻ രാജി വയ്ക്കണമെന്ന് ഗവർണർ അന്ത്യശാസനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് എട്ട് വിസിമാർ കോടതിയെ സമീപിച്ചത്.
കാരണംകാണിക്കൽ നോട്ടിസിന് മറുപടി നൽകാൻ അടുത്തമാസം മൂന്നുവരെ സമയമുണ്ട്. വിസിമാരുടെ മറുപടി പരിശോധിച്ച് രാജ്ഭവൻ തുടർനടപടി സ്വീകരിക്കും.