തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ അഴിമതി നടത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഒതു പൊതുചടങ്ങിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അഴിമതി ഏറെക്കുറെ ഇല്ലാതായെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ നിന്നു ദുരനുഭവമുണ്ടായാൽ പരാതിപ്പെടണം. പലവിധ ജീവിത പ്രശ്നങ്ങളുമായി സർക്കാർ ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങളെ പിഴിയുന്ന സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവരുത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് അഴിമതി ബോധ്യപ്പെട്ടാൽ അന്വേഷണവും തുടർന്ന് നിയമനടപടിയുമുണ്ടാവും. ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന സർക്കാർ ഓഫീസുകൾ പൂർണമായും ജനസൗഹൃദമാവണം- മുഖ്യമന്ത്രി പറഞ്ഞു.
ഓഫീസുകളിൽ വിവിധ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സഹപ്രവർത്തകരിൽ ഇത്തരം പ്രവണത കണ്ടാൽ അതു വിലക്കുകയൊ തിരുത്തുകയോ വേണം. സംസ്ഥാനത്ത് ഏറെക്കുറെ അഴിമതി ഇല്ലാതായി. പൂർണമായി അഴിമതിരഹിത സംസ്ഥാനമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.