തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76 വയസ് തികഞ്ഞു. ഇത്തവണ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യനിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസം തന്നെ പിണറായി വിജയന്റെ ജന്മദിനവുമെന്ന പ്രത്യേകതയുണ്ട്.
1945 മേയ് 24നാണ് പിണറായി വിജയൻ ജനിച്ചത്. നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു.
പിണറായി 2.0; പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കമായി. . എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ആദ്യം. രാവിലെ ഒമ്പതിന് പ്രോടെം സ്പീക്കര്‍ പി.ടി.എ റഹീം എംഎല്‍എമാര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുക്കും. അക്ഷരമാലാ ക്രമത്തിൽ അംഗങ്ങളെ ക്ഷണിക്കും. ആദ്യദിവസം സത്യപ്രതിജ്ഞ മാത്രമേയുള്ളൂ.
കോവിഡ് ബാധയും ക്വാറന്റൈനും മൂലം ചില അംഗങ്ങൾക്ക് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാവില്ല. കെ. ബാബു, എ. വിൻസെന്റ് എന്നിവർ എത്താനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.
സ്പീക്കര്‍ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് നടക്കും. ഇടതു മുന്നണി എം.ബി രാജേഷിനെയാണ് സ്പീക്കറായി തീരുമാനിച്ചിട്ടുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ വോട്ടെടുപ്പ് വേണ്ടിവരും.
സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശപത്രിക ഇന്ന് ഉച്ചയ്ക്ക് 12 വരെ നൽകാം. പ്രതിപക്ഷനേതാവായി വി.ഡി. സതീശനെ യുഡിഎഫ് തെരഞ്ഞെടുത്ത പശ്ചാത്ത ലത്തില്‍ തലമുറമാറ്റത്തോടെയാണ് പ്രതിപക്ഷം ഇക്കുറി സഭയിലെത്തുക.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് 28ന് രാവിലെ രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തും. 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച.
ജൂണ്‍ നാലിന് 2021-22 സാമ്പത്തിക വര്‍ഷത്തക്കുള്ള പുതുക്കിയ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ട് സമര്‍പ്പണവും. ഏഴുമുതല്‍ ഒന്പതുവരെ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ച.
10 ന് വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും. 14ന് ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ രണ്ടുവരെ 2021 ലെ കേരളാ ധനവിനിയോഗബില്‍ പാസാക്കി ഒന്നാം സമ്മേളനം അവസാനിക്കും.