കോഴിക്കോട്: കോവിഡ് ബാധിതനായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരം. പ്രത്യേക രോഗലക്ഷണങ്ങളൊന്നും അദ്ദേഹത്തിന് പ്രകടമായില്ലെന്ന് മെഡിക്കല്‍ബോര്‍ഡ് അംഗങ്ങളായ പ്രിന്‍സിപ്പല്‍ ഡോ.എം.പി.ശശി, സൂപ്രണ്ട് എം.പി.ശ്രീജയന്‍ എന്നിവര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.
മുഖ്യമന്ത്രിയെ പരിശോധിക്കുന്നതിനായി പത്ത് ഡോക്ടര്‍മാരുടെ സംഘമാണുള്ളത്. പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവര്‍ക്ക് പുറമേ ആര്‍എംഒ കെ.രഞ്ജിനി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ.മുബാറക്, മെഡിസിന് വിഭാഗം ഡോ. ജയേഷ് എന്നിവരുള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെ നിരീക്ഷിച്ചു വരികയാണ്.
മെഡിക്കല്‍കോളജിലെ പേവാര്‍ഡിലെ വിഐപി ഡീലക്സ് മുറിയിലാണ് മുഖ്യമന്ത്രിയുള്ളത്. മകള്‍ വീണയും ഭര്‍ത്താവ് പി.എ.മുഹമ്മദ് റിയാസും കോവിഡ് ചികിത്സയിലാണ്. ഭാര്യ കമല വിജയനും കോവിഡ് പോസിറ്റീവായ കൊച്ചുമകനും ആശുപത്രിയിലുണ്ട്.
മുഖ്യമന്ത്രി കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ ഒന്നാംഡോസ് എടുത്തതാണ് രോഗതീവ്രത കുറയാന്‍ ഇടയാക്കിയതെന്ന് സൂമൂഹ്യസുരക്ഷാ മിഷന് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ ഫേസ്ബുക്കില്‍ ലൈവില്‍ വ്യക്തമാക്കി. വാക്സിനെടുത്തിട്ടും മുഖ്യമന്ത്രിക്കും രോഗംബാധിച്ചുവെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ്.
ഒന്നാംഡോസ് എടുത്താല്‍ മൂന്നു മുതല്‍ നാല് ആഴ്ചക്കുള്ളില്‍ 30-40 ശതമാനം വരെ സംരക്ഷണം ലഭിക്കും. രണ്ടാംഡോസ് എടുത്താല്‍ 70-80 ശതമാനം വരെ സംരക്ഷണം നല്‍കും. രണ്ട് ഡോസും പൂര്‍ത്തിയായി രണ്ടാഴ്ച കഴിഞ്ഞാല്‍ ഗുരുതരമായ രോഗലക്ഷണങ്ങളുണ്ടാവാനുള്ള സാധ്യത കുറവാണ്.
മരണമുണ്ടാവാനുള്ള സാധ്യത പൂര്‍ണമായും ഇല്ലാതാക്കും. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങള്ക്കൊണ്ടല്ല മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും നേരത്തെയുള്ള രോഗാവസ്ഥയുള്ളതുകൊണ്ട് കൂടുതല്‍ ശ്രദ്ധ വേണ്ടതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടിയുടെആരോഗ്യനിലയും തൃപ്തികരം
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. കോവിഡ് രോഗം ബാധിച്ചതിനെ തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ തലസ്ഥാനത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരത്തെ വസതിയിൽ വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.