എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അവസാന കണ്ണിയേയും പിടികൂടി അകത്തിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കർശന നിർദ്ദേശം. കേസിൽ ഒരു തരത്തിലുമുള്ള ഇടപെടലുകൾക്കും അന്വേഷണ സംഘം വശംവദരാകരുതെന്നും കേസിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായാൽ ഡി.ജി.പിയേയും മുഖ്യമന്ത്രിയേയും അറിയിക്കണമെന്നും പോലീസിന് നിർദ്ദേശമുണ്ട്. കേസിന്റെ തുടരന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും സ്വതന്ത്രമായി അന്വേഷിക്കണമെന്നും ഒരു തരത്തിലുമുള്ള സമ്മർദ്ദവും അന്വേഷണ സംഘത്തിനുമേൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
അമ്മ ഭാരവാഹികളായ മുകേഷിനും ഇന്നസെന്റിനും ഗണേഷിനുമെതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ കേസന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള ഒരു ഇടപെടലുകളും പാർട്ടിയിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്ന കർശന നിർദ്ദേശവും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കണമെന്നും പിന്നീട് ഒരു തരത്തിലുമുള്ള വിമർശനം കേൾക്കാൻ ഇടവരരുതെന്നുമുള്ള ഉറച്ച ബോധ്യത്തിലാണ് പിണറായിയുടെ നീക്കങ്ങൾ.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റു ചെയ്തതോടെ കേരള പോലീസിനും മുഖ്യമന്ത്രി പിണറായി വിജയനും ലഭിച്ച മൈലേജ് ചെറുതല്ല. ഇതു നഷ്ടപ്പെടുന്ന ഒരു നീക്കവും ഒരിടത്തും നിന്നും ഉണ്ടാകാൻ പാടില്ലെന്ന ഉദ്ദേശത്തോടെ തന്നെയാണ് മുഖ്യമന്ത്രിയുടെ നീക്കങ്ങൾ. തുടരന്വേഷണം ഉണ്ടാകുമെന്ന സൂചന തന്നെയാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നിർദ്ദേശത്തിലും.
പ്രതിപക്ഷ എം.എൽ.എയ്ക്കും സ്വന്തം പാർട്ടിയിലെ എം.എൽ.എയ്ക്കുമെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ഒരേ കണ്ണുകളോടെ അന്വേഷിക്കാമെന്ന ശക്തമായ സന്ദേശം തന്നെ മുഖ്യമന്ത്രി അന്വേഷണ സംഘത്തിന് നൽകിയിരിക്കുകയാണ്.