ദുബായ്: “യുഎഇയിൽ എൺപതു ശതമാനത്തോളം മലയാളികളാണ്. എന്റെ കൊട്ടാരത്തിൽ 100 ശതമാനം പേരും മലയാളികളാണ് ജോലി ചെയ്യുന്നത്. എന്തുകൊണ്ടാണ് മലയാളികൾ ഇത്രയേറെ യുഎഇയെ ഇഷ്ടപ്പെടുന്നത്.- ചോദ്യം യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റേത്.
ഇന്നലെ തന്നെ കാണാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനോടായിരുന്നു യുഎഇ പ്രധാനമന്ത്രിയുടെ വാക്കുകൾ.
മലയാളികൾ ഈ രാജ്യത്തെ അവരുടെ രണ്ടാം വീടായാണു കാണുന്നതെന്നു മുഖ്യമന്ത്രി അദ്ദേഹത്തിനു മറുപടി നൽകി.ഊഷ്മളമായ സ്വീകരണമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കൊട്ടാരത്തിൽ കേരള മുഖ്യമന്ത്രിക്കു ലഭിച്ചത്.
കേരളം സന്ദർശിക്കാൻ ഷെയ്ഖ് മുഹമ്മദിനെ ക്ഷണിച്ചു. കേരളത്തിലെ കാഴ്ചകളെക്കുറിച്ചും അദ്ദേഹം കൗതുകത്തോടെ ചോദിച്ചറിഞ്ഞു. സെപ്റ്റംബറിൽ കേരളം സന്ദർശിക്കാൻ നല്ല സമയമാണെന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടു പറഞ്ഞു.
ദുബായ് മർമൂം പാലസിലായിരുന്നു കൂടിക്കാഴ്ച. യുഎഇയി ലെ ഇന്ത്യൻ അംബാഡർ നവദീപ് സിംഗ് സൂരി, യഎ ഇമന്ത്രി റീം അൽ ഹാഷിമി, ചീഫ് സെക്രട്ടറി ടോം ജോസ്, നോർക്ക റൂട്സ് വൈസ് ചെയർമാൻ എം എ യൂസഫലി, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ, ദുബായ് ജുമൈറയിലെ സ്മാർട്ട് പോലീസ് സ്റ്റേഷനിലെ കിയോസ്കുകളിൽ മലയാളം ഭാഷ ഉൾപ്പെടുത്താൻ ദുബായ് പോലീസ് തീരുമാനിച്ചു. ഇതോടെ സ്മാർട്ട് സ്റ്റേഷനിലെ കിയോസ്കിലെ ആദ്യത്തെ പ്രദേശിക ഇന്ത്യൻ ഭാഷയാവുകയാണ് മലയാളം. ദുബായ് ജുമൈറയിലെ സ്മാർട്ട് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.
പോലീസ് സേവനങ്ങൾക്ക് വേണ്ടിയുള്ള ലോകത്തിലെതന്നെ ആദ്യത്തെ സമ്പൂർണസ്മാർട്ട് ഡിജിറ്റൽ പോലീസ് സ്റ്റേഷൻ ആണ് ദുബായ് ജുമൈരയിലെത്.
ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന്റെ സംവിധാനങ്ങളോടെയാണ് ഈ പോലീസ് സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടം സന്ദർശിച്ചു.