തിരുവനന്തപുരം: അതിതീവ്ര മഴ തുടർന്നാൽ ഡാമുകൾ തുറക്കേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നദികളിൽ അപകടകരമാം വിധം ജലനിരപ്പുയരുകയാണ്, എങ്കിലും സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 22 പേർ മഴക്കെടുതിയിൽ മരിച്ചതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചു.
അപായ സാധ്യതയുള്ള മേഖലകളിൽ മാറാൻ ശങ്കിക്കരുത്, പരിഭ്രാന്തരാകുകയുമരുത്. കഴിഞ്ഞ വർഷത്തേതിനു സമാനമായി തീവ്രപ്രളയത്തിനു സാധ്യതയില്ല. ഏത് സാഹചര്യവും നേരിടാനുള്ള സജീകരണം ഒരുക്കിയിട്ടുണ്ട്. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാൻ നിർദ്ദേശം നൽകി. അണക്കെട്ട് തുറക്കുന്പോൾ മുന്നറിയിപ്പ് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്നു ദിവസമായിട്ടു കനത്ത മഴയാണു സംസ്ഥാനത്തു പെയ്യുന്നത്. നദികളിൽ അപകടകരമാം വിധം വെള്ളമുയരുന്നു. ഇതുചൂണ്ടിക്കാട്ടി കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂർ അതിശക്തമായ മഴയുണ്ടാകുമെന്നാണു കേന്ദ്രത്തിന്റെ പ്രവചനം. രാത്രിയോടെ ശക്തികുറഞ്ഞാലും മലയോരമേഖലകളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ അതിതീവ്രമഴയാണ്. ഓഗസ്റ്റ് 15-ന് വീണ്ടും മഴയുണ്ടാകാൻ സാധ്യതയുണ്ട്. തമിഴ്നാട്ടിലെ ഒരു കനാൽ തകർന്നതിനാൽ ചാലക്കുടി പുഴയിലേക്ക് വെള്ളം വരുന്നുണ്ട്. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മേപ്പാടിയിൽ വലിയ ഉരുൾപൊട്ടലാണു റിപ്പോർട്ട് ചെയ്തത്. രണ്ട് കുന്നുകൾക്കിടയിലുള്ള സ്ഥലം ഒലിച്ചുപോയി. രക്ഷാപ്രവർത്തനത്തിനായി എയർഫോഴ്സിന്റെ സേവനം ആവശ്യപ്പെട്ടു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 13 ടീം രക്ഷാപ്രവർത്തനത്തിനുണ്ട്. ഇതുവരെ സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാന്പുകളാണ് തുടങ്ങിയിരിക്കുന്നതെന്നും 22,165 പേരെ ക്യാന്പിലേക്കു മാറ്റിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.