കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് സംഘപരിവാറിന്റെ ഇഷ്ടക്കാരനാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്.
ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരേ അതീവ ഗുരുതര ആരോപണമുണ്ടായി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇഡിക്ക് അനക്കമില്ല. ബിജെപിയുമായി ഉണ്ടാക്കിയിരിക്കുന്ന രാഷ്ട്രീയ ധാരണപ്രകാരമാണിതെന്നും സതീശന് കൊച്ചിയില്‍ പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെയൊന്നും വിശ്വാസമില്ലാത്തത് കൊണ്ടാണ് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
പിണറായി വിജയനെതിരായ കേസും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ കേസും ഒരേ തരത്തില്‍ കാണാന്‍ പിണറായി വിജയനും സിപിഎമ്മും ശ്രമിക്കേണ്ട.
ഇടയ്ക്കിടെ കേരളത്തില്‍ വരുന്ന ഒരു കേന്ദ്രമന്ത്രിയാണ് ബിജെപിക്കും സര്‍ക്കാരിനുമിടയിലെ പ്രധാന ഇടനിലക്കാരന്. തുടര്‍ഭരണവും കോണ്‍ഗ്രസ് മുക്തഭാരതവുമെന്ന മുദ്രാവാക്യങ്ങള്‍ യഥാര്‍ഥത്തില്‍ ഒന്നാണ്.
സ്വര്‍ണക്കടത്ത് കേസില്‍ പങ്കില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് മാനനഷ്ടക്കേസുള്പ്പെടെ നല്‍കാം. എന്തുകൊണ്ട് ഇത് ചെയ്യുന്നില്ല?
ഞങ്ങളുടെ പ്രവര്‍ത്തകരെ തെരുവു ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കും. ഇതു വേണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതിയെന്നും സതീശന് വ്യക്തമാക്കി.