തിരുവനന്തപുരം: കേരളം ആർജിച്ച പുരോഗതി കോവിഡ് പ്രതിരോധത്തിൽ സഹായകമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നാലു വർഷത്തെ ഭരണനേട്ടം വിശദീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് പ്രതിരോധം കണക്കിലെടുത്ത് ഇത്തവണ വാർഷികാഘോഷമില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.
അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതികളിൽ ഭൂരിഭാഗവും നാലു വർഷത്തിൽ തന്നെ പൂർത്തിയാക്കാൻ സാധിച്ചു. എന്നാൽ തടസങ്ങൾ ധാരാളമായിരുന്നു. തുടർച്ചയായി വന്ന പ്രകൃതി ക്ഷോഭത്തിനും മഹാമാരിക്കും കേരളത്തിന്റെ വികസന രംഗത്തെ തളർത്താൻ സാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനെയെല്ലാം അതിജീവിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാൽ ഈ പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം വ്യത്യസ്ത മേഖലകളിൽ മുന്നേറ്റം സൃഷ്ടിക്കാൻ നമ്മൾക്ക് കഴിഞ്ഞു. നാലുവർഷത്തെ വികസന ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള ശ്രമത്തോടൊപ്പം ദുരന്ത നിവാരണം എന്ന സുപ്രധാന ചുമതലയും നാം ഏറ്റെടുക്കേണ്ടിവന്നു.
ഓരോ വർഷവും പുതിയ പ്രതിസന്ധിയോടെ പൊരുതിയാണ് നാം കടന്നു വന്നത്. എന്നാൽ ഒരു ഘട്ടത്തിലും നാം പകച്ചു നിന്നില്ല. ലക്ഷ്യങ്ങളിൽ നിന്ന് തെന്നി മാറിയിട്ടുമില്ല. ജനങ്ങളുടെ ഒരുമയും സാഹോദര്യവുമാണ് സംസ്ഥാനത്തിന്റെ അതിജീവനത്തിന്റെ പ്രധാന ശക്തിയായി മാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ജനങ്ങളുടെ മുന്പിൽ വാഗ്ദാനം ചൊരിഞ്ഞ് വോട്ട് നേടാനുള്ള അഭ്യാസം മാത്രമാണ് ചിലർ നടത്തുന്നത്. എന്നാൽ എൽഡിഎഫിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ജനങ്ങളോട് എന്താണ് പറയുന്നത്, അത് നടപ്പാക്കാനുള്ളതാണ്. അതുകൊണ്ടാണ് എല്ലാവർഷവും ചെയ്ത കാര്യം വിശദീകരിച്ചുകൊണ്ട് പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ആത്മവിശ്വാസവും ഹരിതാഭവുമുള്ള നവകേരളത്തിന്റെ സൃഷ്ടിയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതു നേടാൻ നാല് മിഷനുകൾ ആരംഭിച്ചു. ലൈഫ് മിഷനിലൂടെ 2,191,54 വീടുകൾ നിർമിച്ചു നൽകി. ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് ഭൂമിയും പാർപ്പിച്ച സമുച്ചയങ്ങളും നൽകാനുള്ള നടപടി അന്തിമഘട്ടത്തിലാണ്.
അഞ്ചു വർഷത്തിനിടെ രണ്ടുലക്ഷം പട്ടയം നൽകുമെന്നാണ് സർക്കാർ വാഗ്ദാനമായി അറിയിച്ചിരുന്നത്. ഇതിൽ 1,43,000 പട്ടയം ഇതുവരെ നൽകി. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച പ്രതിസന്ധിയാണ് രണ്ടുലക്ഷം പൂർത്തിയാകേണ്ടതിന് തടസമായത്. 35,000 പട്ടയം ഈ വർഷം തന്നെ നൽകാൻ കഴിയുമെന്നും മുഖ്യമന്ത്രി വിശദമാക്കി.