ഉപ്പുതറ: പിണറായിയുടെ ഒൻപതു വർഷത്തെ ഭരണം കേരളത്തിലെ എല്ലാ മേഖലയെയും തകർത്തെന്ന് മുൻ എംഎൽഎ പി.സി. ജോർജ്. ഉപ്പുതറ ആശുപത്രിയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന രാപകൽ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് മാതൃകയായിരുന്ന സംസ്ഥാനത്തിന്റെ ആരോഗ്യ പരിപാലന മേഖലയിൽ ഇപ്പോൾ ഇല്ലായ്മ മാത്രമാണ്. ഒരാശുപത്രിയിലും മതിയായ ഡോക്ടർമാരും മരുന്നുമില്ല. ഇടുക്കിയിലെ കർഷകർക്ക് പട്ടയം നൽകുന്നതിന് പ്രധാന തടസം ഉദ്യോഗസ്ഥരാണ്. ഇവരെ നിലയ്ക്ക് നിർത്താൻ കഴിയണം. വന്യജീവിശല്യം കൂടിയായതോടെ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ. രാജപ്പൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ്, ഫാ. ഡൊമിനിക് കാഞ്ഞിത്തിനാൽ, ഫാ. ഷാജി ഏബ്രഹാം, എ.വി. മുരളീധരൻ, അഡ്വ. പി.ആർ. മുരളീധരൻ, സന്തോഷ് കൃഷ്ണൻ, അഡ്വ. സ്റ്റീഫൻ ഐസക്, ജയിംസ് തോക്കൊമ്പിൽ, ശ്രീനഗരി രാജൻ, കെ. കുമാർ, സജിൻ കരുനാട് തുടങ്ങിയവർ പ്രസംഗിച്ചു.