ഇനി കേരളത്തില്‍ വരാന്‍ പോകുന്നത് കാബറെക്കാലം. 2012ല്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട നൈറ്റ് ലൈഫ് സോണ്‍ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വേളി ടൂറിസ്റ്റ് വില്ലേജിനോട് ചേര്‍ന്ന പതിനെട്ട് ഏക്കര്‍ സ്ഥലത്താണ് കാബറെ തീയേറ്റര്‍ ഉള്‍പ്പെടെ നടപ്പിലാക്കാന്‍ ആലോചിച്ചിരുന്നതെങ്കില് പിണറായി തിരുവനന്തപുരം ,കോഴിക്കോട്, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ സമാനമായ രീതിയില്‍ നിശാക്ലബുണ്ടാക്കുന്നു.
ആര് ബാലകൃഷ്ണപിള്ളയുടെ മരുമകനും ഇന്‍കെല്‍ എംഡിയുമായ ടി. ബാലകൃഷ്ണനോടാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ രൂപം നല്കിയ നിശാക്ലബില്‍ കാബറേ തീയേറ്റര്‍,ഡിസ്കോ തെക്ക്, മദ്യശാല എന്നിവ ഉണ്ടായിരുന്നെങ്കില്‍ താത്കാലിക വിശ്രമത്തിനായി ഹോട്ടല്‍ സമുച്ചയത്തിന്റെ സാധ്യതകള്‍ കൂടി പരിശോധിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇന്‍കെലാണ് വേളി ടൂറിസ്റ്റ് വില്ലേജിലെ നിശാക്ലബിന് രൂപം നല്‍കിയത്.
യുഡിഎഫ് 200 കോടിയുടെ പദ്ധതിയ്ക്കാണ് രൂപം നല്കിയതെങ്കില് കാശ് ഒരു വിഷയമാക്കെണ്ടെന്ന മട്ടിലാണ് പിണറായി സര്‍ക്കാര്‍ പദ്ധതിയുമായി മുമ്പോട്ടു കുതിക്കുന്നത്. കേരളത്തിലെ നഗരങ്ങള്‍ ബംഗ്ലൂരിന് സമാനമാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ബാംഗ്ലൂരില്‍ ഐ. ടി. സ്ഥാപനങ്ങള്‍ വളര്‍ന്നത് നിശാ ക്ലബിന്റെ സഹായത്തോടെയാണെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഇന്‍കല്‍ ഇക്കാര്യം ആദ്യം ശരിവച്ചു.
ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ നിശാക്ലബിന്റെ പ്രൊപ്പോസല്‍ തപ്പിയെടുത്തിരുന്നു. ഇന്‍കല്‍ എംഡി ഇടതു പാളയത്തിനും പ്രിയങ്കരനാണ്. എംഡിയുടെ അമ്മാവന് ആര്. ബാലകൃഷ്ണപിള്ള ഇടതു മുന്നണിയുടെ ഭാഗമാണെന്നതും അനുകൂല ഘടകമാണ്. കേരളത്തില്‍ നിശാക്ലബുകള്‍ ആരംഭിക്കുന്ന കാര്യം മുഖ്യമന്ത്രിയും സമ്മതിച്ചിട്ടുണ്ട്. നാം മുന്നോട്ട് എന്ന ടെലിവിഷന്‍ പരിപാടിയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍മാര്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചിട്ടുണ്ട് രാത്രി വൈകി ജോലി ചെയ്യുന്നവര്‍ക്കായി സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. കേരളത്തിലെ പല സ്ഥലങ്ങളും നിശാക്ലബിന് യോജിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ ബാംഗ്ലൂരില്‍ ഐ.ടി. മേഖലയിലാണ് ജോലി ചെയ്യുന്നത്. അതേ മാതൃക തന്നെയായിരിക്കും ഇവിടെയും പിന്തുടരുക.
തിരുവനന്തപുരത്തെ ടെക്നോ പാര്‍ക്ക് നിശാ ക്ലബിന് വേണ്ടി പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്ല ചിന്തയോടെ ആരംഭിക്കുന്ന ഇത്തരം നിശാകേന്ദ്രങ്ങള്‍ കേരളത്തെ ബാംഗ്ലൂരാക്കുമെന്ന സംശയം തള്ളികളയാന്‍ കഴിയില്ല. കാരണം റസ്റ്റാറന്റുകള്‍ ആരംഭിക്കുന്നതിന് പകരം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കാബറെ സെന്ററുകളാണ്. മുമ്പ് വിവാദമായതിനെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി അത് വേണ്ടെന്ന് വച്ചത്. ബാംഗ്ലൂരിലെ ഇത്തരം കേന്ദ്രങ്ങള്‍ മയക്കുമരുന്ന് ഉപയോഗത്തിന്റെ കൂത്തരങ്ങാണെന്നത് പരസ്യമായ രഹസ്യമാണ്. എന്തായാലും പദ്ധതിയുമായി മുമ്പോട്ടു പോകാനാണ് കേരളാ സര്‍ക്കാരിന്റെ തീരുമാനം.