ചാലക്കുടി: സർക്കാർ ജീവനക്കാർക്കു ശന്പളം മുടങ്ങുമെന്നു കേരളത്തിന്റെ ധനകാര്യമന്ത്രി പറയുന്പോൾ 100 കോടി മുതൽമുടക്കി പിണറായി സർക്കാർ വാർഷിക മാമാങ്കം നടത്തുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു.
വിനാശകരമായ വികസനത്തിനെതിരെ സൗത്ത് ജംഗ്ഷനിൽ യുഡിഎഫ് സംഘടിപ്പിച്ച സായാഹ്നധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസനം ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെയാക്കണമെന്നും ജനങ്ങൾക്കു ഗുണകരവും പ്രയോജനപ്പെടുത്തുന്നതുമായിരിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി കേരളമെന്ന കൊച്ചുസംസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഉമ്മൻചാണ്ടി തുടർന്നുപറഞ്ഞു.
ഇത്രയും വലിയ പദ്ധതി നടപ്പിലാക്കാനുള്ള കരുത്ത് പിണറായി സർക്കാരിനില്ല. കഴിഞ്ഞ ആറു വർഷത്തെ ഭരണം നോക്കിയാൽ അതിനുള്ള കെല്പ് ഇല്ലെന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരനും എ.കെ. ആന്റണിയും കഴിഞ്ഞ യുഡിഎഫ് സർക്കാരും നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഉമ്മൻചാണ്ടി വിശദീകരിച്ചു.
വിഴിഞ്ഞം പദ്ധതി വന്നപ്പോൾ അഴിമതി ആരോപിച്ചവർ അധികാരത്തിൽ വന്നപ്പോൾ ഒന്നും മിണ്ടുന്നില്ല. മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതി ആറുവർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
സംസ്ഥാനത്ത് ഒരു വികസന പ്രവർത്തനവും നടത്താൻ കഴിയാത്ത പിണറായി കഴിഞ്ഞ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികൾ ഉദ്ഘാടനം നടത്തുക മാത്രമാണ് ചെയ്യുന്നത്.
യുഡിഎഫ് തുടങ്ങിവച്ച പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകാൻപോലും കഴിയുന്നില്ല.സിൽവർ ലൈനിന്റെ പ്രോജക്ട് റിപ്പോർട്ട് പോലും തയാറാക്കാൻ കഴിഞ്ഞിട്ടില്ല.
യുഡിഎഫ് ഭരിച്ചപ്പോൾ ഒരു ദിവസം പോലും സർക്കാർ ജീവനക്കാരുടെ ശന്പളം മുടങ്ങിയിട്ടില്ല. പ്രശ്നങ്ങൾ പ്രായോഗികമായി കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നും കെ എസ്ആർടിസി ജീവനക്കാർക്ക് ശന്പളം കൊടുക്കാനുള്ള ബാധ്യത സർക്കാരിനില്ലെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും ഇതിനുള്ള ബാധ്യത സർക്കാരിനുതന്നെയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
പാർട്ടി നേതാക്കൾക്കെല്ലാം കാബിനറ്റ് റാങ്ക് നൽകി പാഴ്ചെലവും ദുർചെലവും നടത്തുകയാണെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
എതിർക്കുന്നവരെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കെ പിസിസി പ്രസിഡന്റിന്റെ പേരിൽ കേസ് എടുത്തതിനെ ചൂണ്ടിക്കാട്ടിയ, ഇതൊന്നും യുഡിഎഫിന്റെ മുന്പിൽ വിലപ്പോവില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ജില്ലാ യുഡിഎഫ് ചെയർമാൻ ജോസഫ് ചാലിശേരി അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, യുഡിഎഫ് ജില്ലാ കണ്വീനർ കെ.ആർ. ഗിരിജൻ, നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, ഒ. അബ്ദുൾ റഹ്മാൻകുട്ടി, യുഡിഎഫ് നേതാക്കളായ അഡ്വ. സി.ജി. ബാലചന്ദ്രൻ, എബി ജോർജ്, ഡേവിസ് കരിപ്പായി, സി.വി. കുര്യാക്കോസ്, വർഗീസ് കണ്ടംകുളത്തി, ഐ.ഐ. അബ്ദുൾ മജീദ്, ഒ.എസ്. ചന്ദ്രൻ, ഡിസിസി സെക്രട്ടറിമാരായ ടി.എ. ആന്റോ, ജെയിംസ് പോൾ, പി.കെ. ഭാസി, പി.കെ. ജേക്കബ്, മേരി നളൻ തുടങ്ങിയവർ പ്രസംഗിച്ചു.