സ്വന്തം ലേഖകൻ
തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പടെയുള്ളവർ നാളെ തൃശൂരിലെത്തുന്നത് പ്രമാണിച്ച് സുരക്ഷ ക്രമീകരണങ്ങൾ പോലീസ് ശക്തമാക്കി. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ആരംഭിക്കുന്ന വൈഗ 2020ും രാമവർമപുരം പോലീസ് അക്കാദമിയിലെ ദേശീയസെമിനാർ ഉദ്ഘാടനം ചെയ്യാനുമാണ് ഗവർണർ എത്തുന്നത്.മുഖ്യമന്ത്രി പിണറായി വിജയന് ജില്ലയിൽ വൈഗയടക്കം മറ്റു പല പരിപാടികളുമുണ്ട്.
പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ ഉയരുന്ന പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.കണ്ണൂരിൽ ചരിത്രകോണ്‍ഗ്രസ് സമ്മേളനവേദിയിലുണ്ടായ പ്രതിഷേധപ്രകടനങ്ങളുടെ പശ്ചാത്തിലത്തിൽ തൃശൂരിൽ വൈഗ വേദിയിൽ കനത്ത സുരക്ഷ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഇന്നു രാവിലെ മുതൽ തന്നെ തേക്കിൻകാട് മൈതാനം പോലീസിന്റെ സുരക്ഷ വലയത്തിലാണ്.
നാളെ കർശന പരിശോധനയ്ക്ക് ശേഷമേ ആളുകളെ വൈഗയുടെ പരിപാടിയിലേക്ക് കടത്തിവിടുകയുള്ളു. ചെറിയ പ്രതിഷേധമുണ്ടായാൽ പോലും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനാണ് പോലീസ് തീരുമാനം. ഗവർണർക്കെതിരെ പ്രതിഷേധ നടപടികൾക്ക് കോണ്‍ഗ്രസടക്കമുള്ള സംഘടനകൾ തയ്യാറാണെന്ന സൂചന നൽകിയിട്ടുണ്ട്.ഇതിന്റെ പശ്ചാത്തലത്തിൽ പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് വൈഗ വേദിയുടെ ചുമതല ഏറ്റെടുത്ത് പഴുതടച്ച സുരക്ഷയൊരുക്കും.
രാമവർമപുരം കേരള പോലീസ് അക്കാദമിയിലും ഗവർണർക്ക് ഉച്ചയ്ക്ക് പരിപാടിയുണ്ട്. ദേശീയ സെമിനാറിന്റെ ഉദ്ഘാടനം ഗവർണറാണ്. കനത്ത സുരക്ഷ സംവിധാനങ്ങളുള്ള പോലീസ് അക്കാദമിയിൽ സുരക്ഷ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
ആഡംബര ഹോട്ടൽ ഉദ്ഘാടനം, പുസ്തകപ്രകാശനം, വീഡിയോ കോണ്‍ഫറൻസിംഗ് വഴി വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം, ചിത്രൻ നന്പൂതിരിപ്പാടിന്റെ വീട് സന്ദർശിക്കൽ, വൈഗയിൽ ജീവനി ഉദ്ഘാടനം എന്നിവയാണ് തൃശൂരിൽ നാളെ മുഖ്യമന്ത്രിയുടെ പരിപാടികൾ. മുഖ്യമന്ത്രിയുടെ പരിപാടികൾ നടക്കുന്ന പുഴയ്ക്കൽ, രാമനിലയം, രാമവർമപുരം കേരള പോലീസ് അക്കാദമി, തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.