മഞ്ചേശ്വരം: വിശ്വാസ പരാമർശത്തിൽ മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി ശങ്കർ റൈക്കു പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശങ്കർ റൈ വിശ്വാസിയായതാണ് ചിലരുടെ പ്രശ്നമെന്നും വർഗീയ കാർഡ് ഇറക്കാനാണു പലരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മഞ്ചേശ്വരത്ത് ശങ്കർ റൈയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരത്ത് ഇടതു സ്ഥാനാർത്ഥി വിശ്വാസിയായതാണു ചിലരുടെ പ്രശ്നം. ഈ പരിപാടിയിൽ പോലും മഹാഭൂരിപക്ഷം വിശ്വാസികളാണ്. മഞ്ചേശ്വരത്തെ വോട്ടർമാരുടെ മനസറിഞ്ഞതിനാലാണു സ്ഥാനാർഥിയെ ആക്ഷേപിക്കുന്നത്. എന്തിനാണു വേവലാതി?- മുഖ്യമന്ത്രി ചോദിച്ചു.
യുഡിഎഫും ബിജെപിയും രാഷ്ട്രീയം പറയുന്നില്ല. വർഗീയ കാർഡ് ഇറക്കാനാണു പലരും ശ്രമിക്കുന്നത്. ചെന്നിത്തലയുടെ കപട ഹിന്ദു പരാമർശം അൽപ്പത്തരമാണ്. താങ്കൾ എന്താണെന്നറിയാം. അതു മഞ്ചേശ്വരത്തെ പാവങ്ങളുടെ മുന്നിൽ വേണ്ട. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും വച്ചു തന്നിട്ടുണ്ടോയെന്നും പിണറായി ചോദിച്ചു.
ഉപതെരഞ്ഞെടുപ്പുകൾ കഴിഞ്ഞ തെറ്റുകൾ തിരുത്താനുള്ള അവസരമായി ജനങ്ങൾ കാണുന്നുണ്ടെന്നും അതാണു പാലായിൽ കണ്ടതെന്നും മുഖ്യമന്ത്രി മഞ്ചേശ്വരത്തു പറഞ്ഞു.